രണ്ട് ദിവസം കൊണ്ട് ഒരു കോടി; കൊവിഡ് വാക്‌സിനിലെ കേന്ദ്ര അവഗണനയിലും മുട്ടുമടക്കാതെ കേരളം
Kerala News
രണ്ട് ദിവസം കൊണ്ട് ഒരു കോടി; കൊവിഡ് വാക്‌സിനിലെ കേന്ദ്ര അവഗണനയിലും മുട്ടുമടക്കാതെ കേരളം
ഗോപിക
Friday, 23rd April 2021, 3:06 pm

കൊവിഡ് വാക്‌സിനിലും തങ്ങളുടേതായ മാതൃക തീര്‍ക്കുകയാണോ കേരളമെന്ന് തോന്നിപ്പിക്കുന്ന ചില സംഭവ വികാസങ്ങള്‍ക്കാണ് സംസ്ഥാനം ഇപ്പോള്‍ സാക്ഷിയാകുന്നത്.

കൊവിഡ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ വാക്‌സിന്‍ നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. വാക്‌സിന്റെ വില വര്‍ധന താങ്ങാനാകാതെ സംസ്ഥാനങ്ങള്‍ നട്ടംതിരിഞ്ഞപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ കേരളം മുന്നോട്ടുകൊണ്ടുവന്ന രീതി കൈയ്യടി നേടുകയാണ്.

വാക്‌സിന്‍ എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന ബോധ്യമുള്ള കേരള ജനത, അതിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ സജീവമാകുകയും ചെയ്തു.

എന്ത് വിലകൊടുത്തും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ ഈ ക്യാംപെയിന്‍ ആഗോള ശ്രദ്ധ നേടുകയും ചെയ്തു.

സൗജന്യമായി വാക്‌സിനെടുത്തവര്‍ വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാംപെയ്ന്‍ ഫലം കണ്ടു തുടങ്ങി എന്ന് മനസ്സിലാകുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുധനാഴ്ച തുടങ്ങിയ ക്യാപെയ്ന്‍ മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് അരക്കോടി രൂപയാണ്.

കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്‌സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം- ഇതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരും.

ഇതിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന വാക്‌സിന്‍ ചലഞ്ച് ഹാഷ്ടാഗ്.

കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് ഇതാദ്യമായല്ല കേരളം നേരിടുന്നത്. മറന്നുപോയെങ്കില്‍ ഓര്‍മ്മിപ്പിക്കാം. 2020 മാര്‍ച്ച്, കൊവിഡ് വ്യാപനത്തിന്റെ ആരംഭകാലം. അന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മുന്നില്‍ ഒരു നിര്‍ദ്ദേശം വെച്ചു.

2018ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വില ഉടന്‍ നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

അത് മാത്രമല്ല. വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള പ്രളയ ധനസഹായം പ്രഖ്യാപിച്ചപ്പോഴും കേന്ദ്രം കേരളത്തെ അവഗണിച്ചിരുന്നു. 2019ല്‍ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം പ്രഖ്യാപിച്ചതില്‍ നിന്നും കേരളത്തെ പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ 2020 ജനുവരിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5908.56 കോടി രൂപ പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് സഹായമായി പ്രഖ്യാപിച്ചിരുന്നത്.

പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായധനം നല്‍കിവരുന്നത്.

അസം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്കും അധികപ്രളയ സഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന് ഇതില്‍ നിന്നും ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായം അനുവദിച്ചുകൊടുത്തത്. ഇതില്‍ 616.63 കോടി രൂപ അസമിനും 284.93 കോടി രൂപ ഹിമാചല്‍ പ്രദേശിനും 1869.85 കോടി രൂപ കര്‍ണാടകത്തിനും 1749.73 കോടി രൂപ മധ്യപ്രദേശിനുമാണ് അനുവദിച്ചത്.

മഹാരാഷ്ട്രയ്ക്ക് 956.93 കോടി രൂപയും ത്രിപുരയ്ക്ക് 63.32 ഉം ഉത്തര്‍പ്രദേശിന് 367.17 കോടി രൂപയും അനുവദിക്കുകയായിരുന്നു.

കേന്ദ്രത്തില്‍ നിന്നും 2100 കോടിരൂപ ധനസഹായം അഭ്യര്‍ത്ഥിച്ച് 2019 സെപ്തംബറില്‍ കേരളം കത്തയച്ചിരുന്നു.

തുടര്‍ന്ന് കേന്ദ്ര സംഘം കേരളത്തിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vaccine Challenge In Kerala Results

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.