national news
സുപ്രീം കോടതിക്കെതിരായ വിവാദ പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ ലോക്‌സഭാ സ്പീക്കര്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 04:21 am
Sunday, 20th April 2025, 9:51 am

ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ വിവാദ പ്രസ്താവനയില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ കോടതിയെ മഹത്വവത്കരിക്കുകയും പ്രതികൂല വിധിയുണ്ടായാല്‍ വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കെ.സി. വേണുഗോപാല്‍

സുപ്രീം കോടതിക്കെതിരായ നിഷികാന്ത് ദുബെയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിവാദ പ്രസ്താവന ഗൗരവതരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.

ബി.ജെ.പി എം.പിക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നടപടി സ്വീകരിക്കണമെന്നും വിവാദ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി സ്വമേധയ നടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ഇന്നലെ (ശനി) പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.

നിഷികാന്ത് ദുബെ

ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞിരുന്നു. സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ ഇങ്ങനെയുള്ള സമീപനമാണ് ബി.ജെ.പിയുടേതെങ്കില്‍ ജഡ്ജിമാര്‍ സ്വതന്ത്രമായി എങ്ങനെ വിധികള്‍ പുറപ്പെടുവിക്കുമെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. ഇത്തരം അവസ്ഥയില്‍ ഒരു ജഡ്ജി എങ്ങനെ ന്യായം നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടോയെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് ചോദിച്ചു. സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തി, വെരട്ടി നിര്‍ത്താനുള്ള ശ്രമമാണ് ദുബെ നടത്തിയതെന്നും ഈ വിഷയത്തെ കോണ്‍ഗ്രസ് വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഇതിനിടെ സുപ്രീം കോടതിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വം ദുബെയെ തള്ളി രംഗത്തെത്തി. ദുബെയുടെ പ്രസ്താവന വ്യക്തിപരമാണെന്നും ബി.ജെ.പിയുടെ നിലപാടല്ലെന്നും അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി ഇതുവരെ പിന്തുണച്ചിട്ടില്ലെന്നും ജെ.പി. നദ്ദ അറിയിച്ചു.

Content Highlight: Controversial remark against Supreme Court; Congress demands Lok Sabha Speaker to take action against nishikant dubey