തൃശൂര്‍ ഡ്രാമ സ്‌കൂളിലും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആക്ടിങ് സ്‌കൂളിലും അഭിനയത്തില്‍ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് പൂജ മോഹന്‍രാജ്.
മമ്മൂട്ടിയുടെ കാതലില്‍ തങ്കന്റെ സഹോദരിയുടെ കഥാപാത്രമായും ജോജു ജോര്‍ജ് നായകനായ ഇരട്ടയിലെ പൊലീസ് കഥാപാത്രമായുമൊക്കെ പൂജ എത്തിയിരുന്നു.
കാതലിനും ഇരട്ടക്കും പുറമെ വണ്‍, കോള്‍ഡ് കേസ്, ഫ്രീഡം ഫൈറ്റ്, രോമാഞ്ചം, പുരുഷ പ്രേതം, നീലവെളിച്ചം, ആവേശം, മഞ്ഞുമ്മല്‍ ബോയ്സ്, സൂക്ഷ്മദര്‍ശിനി, ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ഫഹദ് ഫാസിലിനെ കുറിച്ചും ആവേശത്തിലെ രംഗന്‍ എന്ന നായക കഥാപാത്രത്തെ കുറിച്ചും പറയുകയാണ് പൂജ മോഹന്‍രാജ്. ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യക്തതയുള്ള ആളായിട്ടാണ് തനിക്ക് ഫഹദിനെ തോന്നിയിട്ടുള്ളതെന്നാണ് നടി പറയുന്നത്.
ഫഹദ് ഫാസില്‍ രംഗന്‍ എന്ന കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്തുവെന്നും എങ്ങനെയാണ് ഇയാള്‍ ചെയ്യുന്നതെന്ന് താന്‍ ആലോചിച്ചുവെന്നും പൂജ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂജ മോഹന്‍രാജ്.
‘ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യക്തതയുള്ള ആളായിട്ടാണ് എനിക്ക് ഫഹദിനെ തോന്നിയിട്ടുള്ളത്. തിയേറ്റര്‍ ബാക്ഗ്രൗണ്ട് ഒന്നുമില്ലാത്ത ആളാണ് ഫഹദ്. ആവേശം സിനിമ കണ്ടാല്‍ മനസിലാകും, അതിലെ രംഗണ്ണന്‍ എന്ന കഥാപാത്രം അത്രയും ലൗഡായിട്ടുള്ളതാണ്.
ഹൈപ്പറാണെന്ന് പറയാം. ഈ ലൗഡ്‌നെസ് ഒരു പരിധി വിട്ടാല്‍ വളരെ ബോറായിരിക്കും. ലൗഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശരിക്കും പ്രയാസമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ കയ്യില്‍ നിന്നും പോകും. പക്ഷെ ഫഹദ് രംഗന്‍ എന്ന കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്തു.
ലൈവായിട്ട് ഫഹദിന്റെ അഭിനയം കാണുമ്പോള്‍ നമ്മള്‍ വളരെ എക്‌സൈറ്റഡായിരുന്നു. എങ്ങനെയാണ് ഇയാള്‍ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ എന്നെ കൊണ്ട് തോന്നിപ്പിച്ച നടനാണ് ഫഹദ്,’ പൂജ മോഹന്‍രാജ് പറയുന്നു.
Content Highlight: Pooja Mohanraj Talks About Fahadh Faasil In Aavesham Movie