Daily News
സിക്ക വൈറസ്; പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 04, 06:52 am
Thursday, 4th February 2016, 12:22 pm

zika india
ഹൈദരാബാദ്: ആഗോള തലത്തില്‍ ഭീതി വിതച്ച സിക്ക വൈറസിന് പ്രതിരോധമരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അവകാശവാദം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലാബിലാണ് മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പറയുന്നത്.

രണ്ടു വാക്‌സിനുകള്‍ തങ്ങള്‍ വികസിപ്പിച്ചെന്നും ആദ്യഘട്ടമെന്ന നിലയില്‍ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിക്കുമെന്നും ബയോടെക് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ്ങ് ഡയരക്ടരുമായ കൃഷ്ണ എല്ല പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് പരീക്ഷണത്തിനു വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പുതന്നെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മരുന്നിനു ഒന്‍പതുമാസം മുന്‍പ് പേറ്റന്റ് ലഭിച്ചതായും ഇദ്ദേഹം അവകാശപ്പെടുന്നു. ലോകത്ത് ആദ്യമായാണ് സിക്ക വൈറസിന് പ്രതിരോധമരുന്ന് വികസിപ്പിച്ചത്.

കൊതുകളില്‍ നിന്നു പരക്കുന്ന സീക്ക വൈറസ് അതിവേഗം രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്കു പടരുകയാണ്. സിക്ക വൈറസ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ശാസ്ര്ത്രജ്ഞയുടെ ഇടയില്‍ നിന്നും ഈ സന്തോഷവാര്‍ത്ത.