Sports News
പദ്ധതി നടക്കാതിരുന്നത് തിരിച്ചടിയായി; തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പരാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Thursday, 27th March 2025, 11:36 am

2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും തോല്‍വി. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 151 റണ്‍സെടുത്തിരുന്നു. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് യുവതാരം റിയാന്‍ പരാഗായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍ നായകനായി ഉണ്ടാവില്ലെന്ന് റോയല്‍സ് മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെയും പരാഗായിരുന്നു നായകന്‍.

ഇപ്പോള്‍, മത്സരത്തെ കുറിച്ചും തന്റെ ബാറ്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് റിയാഗ് പരാഗ്. രാജസ്ഥാന്‍ 170 റണ്‍സാണ് ലക്ഷ്യമിട്ടതെന്നും എന്നാല്‍ തങ്ങള്‍ക്ക് 20 റണ്‍സ് കുറവാണ് സ്‌കോര്‍
ചെയ്യാന്‍ കഴിഞ്ഞതെന്നും പരാഗ് പറഞ്ഞു. മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ച വെച്ച ക്വിന്റണ്‍ ഡി കോക്കിനെ നേരത്തെ പുറത്താക്കാനായിരുന്നു പദ്ധതിയെന്നും അതിന് കഴിയാത്തതിനാല്‍ മധ്യ ഓവറുകളില്‍ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘170 റണ്‍സ് ഒരു ന്യായമായ സ്‌കോര്‍ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു, പക്ഷേ ഞങ്ങള്‍ക്ക് 20 റണ്‍സ് കുറവാണ് എടുത്തത്. ക്വിന്നിയെ (ക്വിന്റണ്‍ ഡി കോക്) നേരത്തെ പുറത്താക്കുക എന്നതായിരുന്നു പദ്ധതി. പക്ഷേ ഞങ്ങള്‍ക്ക് അതിനായില്ല. അതിനാല്‍ അവരെ മധ്യ ഓവറുകളില്‍ നിയന്ത്രിക്കുന്നതിനായി ശ്രമിച്ചു,’ പരാഗ് പറഞ്ഞു.

തന്റെ ബാറ്റിങ് പൊസിഷന്‍ കുറിച്ചും പരാഗ് സംസാരിച്ചു. ടീം തന്നോട് ആവശ്യപ്പെട്ട പൊസിഷനിലാണ് താന്‍ കളിക്കുന്നതെന്നാണ് താരം പറഞ്ഞത്. ബാറ്റിങ് താന്‍ പ്രൊഫഷണലായിരിക്കണമെന്നും പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയൊരു മാനസികാവസ്ഥയോടെയാണ് സി.എസ്.കെക്കെതിരെ ടീം ഇറങ്ങുകയെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ വര്‍ഷം ടീം എന്നോട് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് ചെയ്തു. ഇത്തവണ അത് മൂന്നാം സ്ഥാനത്തായി. അതുകൊണ്ട് ഞാന്‍ ബാറ്റിങ്ങില്‍ കുറച്ച് കൂടെ പ്രൊഫഷണലായിരിക്കണം.

പരാജയത്തില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അതെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പുതിയൊരു മാനസികാവസ്ഥയോടെയാണ് സി.എസ്.കെക്കെതിരെ ഇറങ്ങുക,’ പരാഗ് പറഞ്ഞു.

രാജസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പരാഗിന് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായിരുന്നില്ല. സണ്‍റൈസേഴ്‌സിനെതിരെ രണ്ട് റണ്‍സും കൊല്‍ക്കത്തക്കെതിരെ 25 റണ്‍സുമാണ് താരം നേടിയത്.

Content Highlight: IPL 2025: KKR vs RR: Rajasthan Royals Captain Riyan Parag Talks About Reason Behind RR’s Defeat