ന്യൂദല്‍ഹി: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ പരസ്യത്തിനായിട്ടാണ് വാക്‌സിനേഷന്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
‘സിമ്മേദാര്‍ കോന്‍ (ആരാണ് ഉത്തരവാദി)’ എന്ന പേരില്‍ പ്രിയങ്ക ആരംഭിച്ച ക്യാംപെയ്‌നിലാണ് മോദിക്കെതിരെ അവര്‍ രംഗത്ത് എത്തിയത്. ‘മഹാമാരിയുടെ തുടക്കം മുതല്‍ ഇന്ത്യയിലെ വാക്സിനുകള്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനത്തെക്കാള്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ പരസ്യത്തിനുള്ള വസ്തുവായി മാറി എന്നതാണ് കയ്പേറിയ സത്യം,’ എന്നും പ്രിയങ്ക പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യ ഇന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വാക്സിന്‍ സംഭാവനകളെ ആശ്രയിക്കുകയും വാക്സിനേഷന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളുടെ നിരയില്‍ എത്തിയെന്നും പ്രിയങ്ക പറഞ്ഞു.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ കൊവിന്‍ ആപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നേരത്തെ മോദിയുടെ ഫോട്ടോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പതിച്ചതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഹരജിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തിയാണ് കോടതി ഹരജി തള്ളിയത്.
ആറാഴ്ച്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് നിര്‍ദേശം. ഹരജിക്കാരന്റേത് തീര്‍ത്തും ബാലിശമായ ഹരജിയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപറമ്പിലാണ് ഹരജി നല്‍കിയിരുന്നത്.
പണം കൊടുത്ത് വാക്സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.