സിനിമ ഞാന്‍ നിര്‍മിക്കാം, വാരിയന്‍കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനുണ്ട്; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
variyamkunnath Kunjahammad Haji
സിനിമ ഞാന്‍ നിര്‍മിക്കാം, വാരിയന്‍കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനുണ്ട്; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st September 2021, 10:32 pm

കോഴിക്കോട്: മലബാര്‍ സമരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതോടെ സിനിമാ നിര്‍മാണം ഏറ്റെടുക്കാമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. സിനിമാ നിര്‍മാണം താന്‍ ഏറ്റെടുക്കാമെന്നും വാരിയന്‍കുന്നന്റെ വേഷം ഏറ്റെടുക്കാനുള്ള ധൈര്യം ഏത് കലാകാരനാണുള്ളതെന്നും ഷാഫി ചാലിയം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും വാരിയന്‍കുന്നന്‍ സിനിമയില്‍ നിന്നും പിന്മാറിയെന്ന് അറിയിച്ചിരുന്നു.

2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്.

‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്.

മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.


സിക്കന്ദറും മൊയ്ദീനുമായിരുന്നു സിനിമ നിര്‍മ്മിക്കാനിരുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

അതേസമയം സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെയും സംവിധായകന്‍ ആഷിഖ് അബുവിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടന്നത്. പിന്നാലെ വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനായി താന്‍ സിനിമ പിടിക്കുമെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്യണമെന്നും അലി അക്ബര്‍ ആഹ്വാനം ചെയ്തിരുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ഈ ചിത്രത്തിന് അലി അക്ബര്‍ പേര് നല്‍കിയിരിക്കുന്നത്.

പി.ടി. കുഞ്ഞുമുഹമ്മദും 1921 ന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vaariyankunnan Movie Shafi Chaliyam