Film News
തമിഴിലെ മലര്‍ മിസോ; ധനുഷിന്റെ വരികള്‍ക്ക് ശ്വേതയുടെ ശബ്ദം; വാത്തിയിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 10, 01:31 pm
Thursday, 10th November 2022, 7:01 pm

ധനുഷ് നായകനാവുന്ന വാത്തിയിലെ ആദ്യഗാനം പുറത്ത്. ധനുഷിനൊപ്പം സംയുക്ത മേനോനും പാട്ടിലെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയമാണ് പാട്ടില്‍ കാണുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ധനുഷ് പാട്ടിലെത്തിയിരിക്കുന്നത്.

ജി.വി. പ്രകാശാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്വേത മോഹനാണ് പാട്ട് പാടിയിരിക്കുന്നത്. ധനുഷ് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്.

വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.

നാനേ വരുവേന്‍ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്.

കടുവയാണ് സംയുക്തയുടേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു.

Content Highlight: va vaathi lyrical song video from vaathi movie