പാലക്കാട്: മുന്‍ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എയെ ‘ഭീകരവാദി’യെന്ന് വിളിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ എന്തുകൊണ്ട് കേരളാ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
കെ.ടി. ജലീല്‍ ഭീകരവാദിയാണെന്ന് 24 ന്യൂസിലെ ഒരു ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി ബി. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നു എന്ന് ആരോപിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചായിരുന്നു ബല്‍റാമന്റെ പ്രതികരണം. സംഘപരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍ പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ അയല്‍നാട്ടുകാരനും പത്ത് വര്‍ഷം നിയമസഭയിലെ സഹപ്രവര്‍ത്തകനുമായിരുന്ന ഡോ. കെ.ടി.ജലീല്‍ ഒരു ‘ഭീകരവാദി’യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പൊലീസോ ഏതെങ്കിലും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കില്‍ അക്കാര്യത്തില്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നു.
സംഘപരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ കേരള സര്‍ക്കാര്‍, അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇക്കാര്യത്തില്‍ ശ്രീ ജലീല്‍ തന്നെ മുന്‍കൈ എടുത്ത് മാതൃക കാട്ടണം,’ വി.ടി. ബല്‍റാം പറഞ്ഞു.
‘ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ടെന്നും സംഘപരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു വിഷയത്തില്‍ കെ.ടി. ജലീലിന്റെ പ്രതികരണം.