Kerala News
രാഹുല്‍ ഗാന്ധി നടത്തിയത് 'വിദ്വേഷ പ്രസംഗ'മാണെന്ന് വിധിയെഴുതിയ മാതൃഭൂമിയില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 20, 09:54 am
Thursday, 20th April 2023, 3:24 pm

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി പരാമാര്‍ശത്തെ ‘വിദ്വേഷ പ്രസംഗം’ എന്ന് വിളിച്ച മാതൃഭൂമി ന്യൂസ് ചാനലിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി വൈസ് പ്രസഡന്റ് വി.ടി. ബല്‍റാം.

കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് ജില്ലാ കോടതി തള്ളിയതുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ‘വിദ്വേഷ പ്രസംഗത്തിന് സ്റ്റേ ഇല്ല’ എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് ബല്‍റാം രംഗത്തെത്തിയത്.

‘ഗുജറാത്തിലെ കോടതികളില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.
രാഹുല്‍ ഗാന്ധി നടത്തിയത് ‘വിദ്വേഷ പ്രസംഗ’മാണെന്ന് വിധിയെഴുതുന്ന മാതൃഭൂമിയില്‍ നിന്നും,’ എന്നാണ് മാതൃഭൂമി വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച് വി.ടി. ബല്‍റാം എഴുതിയത്.

അതേസമയം, അയോഗ്യത കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജിയാണ് സൂറത്ത് സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊകേര തള്ളിയത്.

രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ നിര്‍ണയിച്ച വിധിയിന്മേല്‍ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആറ് മണിക്കൂറോളം നീണ്ടുനിന്ന വാദം കേള്‍ക്കലിന് ശേഷവും രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ഇപ്പോഴും തുടരുകയാണ്. അതേസമയം വിധിയില്‍ രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക് അപ്പീലുമായി പോകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന വാദത്തില്‍ കേസ് നിയമപരമല്ലന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. പരാതിക്കാരന്‍ വാട്സ്ആപ്പ് വഴിയാണ് വീഡിയോ കണ്ടതെന്നും മോദി എന്നത് ഒരു സമുദായമായി കണക്കാക്കാന്‍ പറ്റില്ലെന്നും വാദിച്ചു.

രാഹുല്‍ ഗാന്ധിക്ക് നേരെ ഇതിന് മുമ്പും കേസുകള്‍ ഉണ്ടെന്നാണ് എതിര്‍ഭാഗം വാദിച്ചത്.

മാര്‍ച്ച് 23ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് ലോക്സഭാ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയുമായിരുന്നു.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത് കോടതി വിധി പുറപ്പെടുവിച്ചു.

Content Highlight: V.T. Balram criticized Mathrubhumi News Channel