IPL
തോല്‍വിയേക്കാള്‍ വലിയ തിരിച്ചടി; ധോണി നേരത്തെയിറങ്ങിയിരുന്നെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന നാണക്കേട്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Saturday, 29th March 2025, 7:12 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ജയം സ്വന്തമാക്കി പ്ലേ ബോള്‍ഡ് ആര്‍മി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് പാടിദാറും സംഘവും നേടിയത്.

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സിന് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ മൂന്നാമത് പരാജയമാണിത്. അതിനേക്കാളുപരി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയവും.

2019ല്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റുവാങ്ങിയ 44 റണ്‍സിന്റെ തോല്‍വിയാണ് ഇതിന് മുമ്പ് ചെപ്പോക്കില്‍ സൂപ്പര്‍ കിങ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ട ഏറ്റവും വലിയ പരാജയം.

ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ പരാജയങ്ങള്‍ (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

60 – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2013

54 – പഞ്ചാബ് കിങ്‌സ് – മുംബൈ – 2022

50 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ – 2025*

46 – മുംബൈ ഇന്ത്യന്‍സ് – ചെന്നൈ – 2019

44 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദുബായ് – 2020

44 – പഞ്ചാബ് കിങ്‌സ് – കട്ടക്ക് – 2014

മുന്‍ നായകന്‍ എം.എസ്. ധോണി ബാറ്റിങ് ഓര്‍ഡറില്‍ കുറച്ചുകൂടി നേരത്തെയിറങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷേ സൂപ്പര്‍ കിങ്‌സിന് ഈ മോശം നേട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു.

ആര്‍. അശ്വിനും ശേഷം സ്വയം ഡീമോട്ട് ചെയ്ത് ഒമ്പതാം നമ്പറിലാണ് ധോണി ക്രീസിലെത്തിയത്. മൂന്ന് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 30 റണ്‍സാണ് ധോണി നേടിയത്. 187.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

മത്സരത്തില്‍ നേരത്ത ടോസ് നേടിയ ചെന്നൈ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്. താരം 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.

ഫില്‍ സാള്‍ട്ട് (16 പന്തില്‍ 32), വിരാട് കോഹ്‌ലി (30 പന്തില്‍ 31), ടിം ഡേവിഡ് (എട്ട് പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സുകളും ബെംഗളൂരു നിരയില്‍ നിര്‍ണായകമായി.

ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് മൂന്നും മതീശ പതിരാന രണ്ട് വിക്കറ്റും സ്വന്തമാക്കി. ഖലീല്‍ അഹമ്മദും അശ്വിനും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പാളിയിരുന്നു. രാഹുല്‍ ത്രിപാഠി (മൂന്ന് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (നാല് പന്തില്‍ പൂജ്യം), ദീപക് ഹൂഡ (ഒമ്പത് പന്തില്‍ നാല്), സാം കറന്‍ (13 പന്തില്‍ എട്ട്), എന്നിവരെ ഒമ്പത് ഓവറിനിടെ ടീമിന് നഷ്ടമായിരുന്നു.

ഒരുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് നിന്ന് രചിന്‍ രവീന്ദ്ര വിക്കറ്റ് നഷ്ടപ്പെടാതെ ബാറ്റ് വീശി. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.

ഒടുവില്‍ നിശ്ചിത ഓവറില്‍ ചെന്നൈ എട്ട് വിക്കറ്റിന് 146 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ആര്‍.സി.ബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാലും ലിയാം ലിവിങ്‌സ്റ്റണും രണ്ട് വിക്കറ്റ് വീതവും നേടി. മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ആര്‍.സി.ബിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി.

ഏപ്രില്‍ രണ്ടിനാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2025: CSK vs RCB: Chennai Super King’s biggest defeat at Chepauk Stadium