പൂനെ: മഹാരാഷ്ട്രയിലെ റാഹുരിയിൽ ദർഗയിൽ അതിക്രമിച്ച് കയറിയ തീവ്ര ഹിന്ദുത്വ വാദികൾ ദർഗയിലെ പച്ചക്കൊടി മാറ്റി കാവിക്കൊടി ഉയർത്തി. ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിലാണ് സംഭവം. ദർഗയിൽ അതിക്രമിച്ചു കയറി,അവിടെയുണ്ടായിരുന്ന പച്ചക്കൊടി നീക്കം ചെയ്ത്, കാവിക്കൊടി ഉയർത്തിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ജനക്കൂട്ടം ദർഗയിൽ ഇരച്ച് കയറുന്നതും അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം ഒരു കാവിക്കൊടി ഉയർത്തുന്നതും കാണാം. ചിലർ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും കേൾക്കാം. കൂട്ടത്തിലെ ഒരാൾ പതാക ഉയർത്തുമ്പോൾ മറ്റുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ദർഗക്ക് നേരെ മാത്രമല്ല ആക്രമണം നടന്നതെന്നും ദർഗക്ക് സമീപമുള്ള മുസ്‌ലിം സമുദായക്കാരുടെ വീടുകൾക്ക് നേരെ കല്ലേറും നടന്നിരുന്നെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ദർഗക്കടുത്തുള്ള താമസക്കാർ പറഞ്ഞു. ‘അവർ ഞങ്ങൾക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം വിളിക്കുകയും ഞങ്ങളുടെ വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. അവർ ദർഗ ആക്രമിച്ച് അതിൽ കാവി പതാക സ്ഥാപിക്കുമ്പോൾ, പൊലീസ് അവിടെ ഉണ്ടായിരുന്നു. അവർ നിശബ്ദമായി നോക്കിനിന്നു. അക്രമികളെ തടയാനായി പൊലീസ് ഒന്നും ചെയ്തില്ല,’ പ്രദേശവാസി പറഞ്ഞു.
മഹാരാഷ്ട്രയിലെ ബുവാസിന്ദ് ബാബ താലിമിനടുത്തുള്ള ശിവജി പ്രതിമയിൽ ആരോ കറുത്ത പെയിന്റ് ഒഴിച്ചിരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ദർഗക്ക് നേരെ ആക്രമണം ഉണ്ടായത്. വാർത്ത പരന്നതോടെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ദർഗക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണമോ കല്ലെറിഞ്ഞതോ ആയ സംഭവങ്ങളിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlight: Mob storms dargah in Maharashtra’s Rahuri, replaces green flag with saffron