World News
മ്യാന്മറിലെ ഭൂകമ്പം; മരണസംഖ്യ 694 ആയി ഉയര്‍ന്നു, 1600 പേര്‍ക്ക് പരിക്ക്, വീണ്ടും തുടര്‍ചലനം ഉണ്ടായതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Saturday, 29th March 2025, 8:07 am

നായ്പിഡോ: മ്യാന്മറിലെ ഭൂകമ്പത്തില്‍ 694 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. 1600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂചലനമുണ്ടായ അയല്‍രാജ്യമായ തായ്‌ലാന്‍ഡില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്ന് പത്ത് മരണമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 10000 കവിയുമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നു.

അതേസമയം പ്രധാന ഭൂകമ്പത്തിന് പിന്നാലെ തുടര്‍ചലനങ്ങളും ഉണ്ടായി. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11:56ന് മ്യാന്മറില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.

യു.എസ്.ജി.എസ് റിപ്പോര്‍ട്ട്‌ പ്രകാരം, ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്മറിലെ മണ്ടാലെ നഗരത്തില്‍ നിന്ന് ഏകദേശം 17.2 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

മ്യാന്മര്‍ സജീവമായ ഭൂകമ്പ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് മിക്ക ഭൂകമ്പങ്ങളും ഉണ്ടാകുന്നത്. എന്നിരുന്നാലും, വെള്ളിയാഴ്ചത്തെ ഭൂകമ്പം നഗരങ്ങളെയാണ് പ്രധാനമായും ബാധിച്ചത്‌.

അന്താരാഷ്ട സമൂഹത്തില്‍ നിന്ന് അടിയന്തരമായ സഹായത്തിനായി മ്യാന്മറിലെ ഭരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂകമ്പ മേഖലയില്‍ സഹായവുമായി ഐക്യരാഷ്ട്രസഭ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മില്യണ്‍ ഡോളര്‍ യു.എന്‍ അനുവദിച്ചിട്ടുണ്ട്‌. ഇന്ത്യയും അമേരിക്കയടക്കമുള്ള രാജ്യങ്ങളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം മ്യാന്മറില്‍ ഭരണത്തിലിരിക്കുന്ന സൈന്യം തലസ്ഥാന നഗരമായ നായ്പിഡാവ് ഉള്‍പ്പെടെ ആറ് പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Earthquake in Myanmar; 694 dead; 1600 injured; aftershocks reported