Entertainment
പൃഥ്വിയെ നമുക്കറിയാം; അവന്‍ വന്ന് പറയുമ്പോള്‍ എങ്ങനെ ആ കാര്യത്തിനോട് ഞാന്‍ നോ പറയും: മോഹന്‍ലാല്‍

മലയാളികള്‍ ആറ് വര്‍ഷത്തോളമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

ഇപ്പോള്‍ പൃഥ്വിരാജിനെ കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജിനെ നമുക്ക് അറിയുന്നതാണെന്നും എങ്ങനെയാണ് പൃഥ്വി വന്ന് പറയുമ്പോള്‍ ഒരു മികച്ച പ്രൊജക്ടിനോട് നോ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

പൂജ തല്‍വാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പൃഥ്വി തന്നോട് സിനിമയുടെ കഥ നരേറ്റ് ചെയ്ത രീതി ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും തന്റെ സിനിമ എങ്ങനെയാകണം ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ പറ്റി നല്ല ധാരണയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

‘പൃഥ്വിരാജിനെ നമുക്ക് അറിയുന്നതാണ്. എങ്ങനെയാണ് പൃഥ്വി വന്ന് പറയുമ്പോള്‍ ഒരു മികച്ച പ്രൊജക്ടിനോട് ഞാന്‍ നോ പറയുന്നത്. പൃഥ്വി എന്നോട് ഈ കഥ നരേറ്റ് ചെയ്ത രീതി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

അയാള്‍ക്ക് തന്റെ സിനിമ എങ്ങനെയാകണം ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ പറ്റി നല്ല ധാരണ ഉണ്ടായിരുന്നു. അതെല്ലാം നമുക്കും പുതിയ ഒരു കാര്യമായിരുന്നല്ലോ.

ഒരു നടന്‍ എന്ന നിലയില്‍ അത്തരം സിനിമയുടെ ഭാഗമാകുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. എനിക്ക് പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടുകയായിരുന്നു.

എമ്പുരാനെ കുറിച്ചും ലൂസിഫറിനെ കുറിച്ചും പറയുമ്പോള്‍ അങ്ങനെ പറയാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ലൂസിഫറിന് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടായത്. സെക്കന്റ് പാര്‍ട്ടായ എമ്പുരാന്‍ വിജയിച്ചാല്‍ അതിന് അടുത്ത ഒരു പാര്‍ട്ട് കൂടെയുണ്ടാകും.

ഒരു നടന് മികച്ച സിനിമകള്‍ ലഭിക്കുകയെന്നത് ഭാഗ്യം തന്നെയല്ലേ. മികച്ച സംവിധായകരും മികച്ച നിര്‍മാതാക്കളും മുന്നോട്ട് വന്നാല്‍ മാത്രമാണ് ഇത്തരം മികച്ച സിനിമകള്‍ സംഭവിക്കുകയുള്ളൂ,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Talks About Prithviraj Sukumaran