തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.
ഗവര്‍ണറുടെ നടപടിയില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു.
‘കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ നിയമസഭ സമ്മേളന ചേരാനുള്ള ക്യാബിനറ്റിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിട്ടില്ല. ഏത് സാഹചര്യമായാലും നിയമസഭാ സമ്മേളനത്തിന് അനുവാദം കൊടുക്കേണ്ടതാണ്. അത് അദ്ദേഹത്തിന്റെ കടമയാണ്. ഗുരുതര സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്’, സുനില്‍കുമാര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും തള്ളുകയായിരുന്നു.
നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്. ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. മറ്റൊരവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല.
കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നിയമ ഭേദഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കക്ഷി നേതാക്കള്‍ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷവും പിന്തുണച്ചിരുന്നു.
രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുന്നത്. കര്‍ഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക