Kerala
ഫോണ്‍ചോര്‍ത്തല്‍ നിയമസഭാ സമിതി അന്വേഷിക്കണം: സുനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Aug 05, 04:46 am
Monday, 5th August 2013, 10:16 am

[]തൃശൂര്‍: പ്രതിപക്ഷത്തിന്റേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ##ചോര്‍ത്തുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി നിയമസഭാ സമിതി അന്വേഷിക്കണമെന്ന് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ. []

ഇത് സംബന്ധിച്ച് സ്്പീക്കര്‍ ജി. കാര്‍ത്തികേയന് പരാതി നല്‍കി. നിയമസഭാസമിതി വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം സ്പീക്കര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ വ്യക്തിഹത്യക്കും അവകാശലംഘനത്തിനുമെതിരേ ശക്തമായ പ്രതിഷേധവും സ്പീക്കറെ അറിയിച്ചു. ആഭ്യന്തരവകുപ്പിനെതിരെ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമാകില്ല. ഈ സംഭവം പൊതുജനത്തിനിടയിലും സാമാജികര്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രതിരോധം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, കലാപം, ഉത്തമബോധ്യമുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഫോണ്‍ ചോര്‍ത്തുന്നത്.

ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് പ്രകാരം അസാധാരണ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും മാത്രമാണ് നിയമപരമായി ഫോണ്‍ ചോര്‍ത്താന്‍ അവകാശമുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.