ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; പ്രസ്താവന തിരുത്തി വി.മുരളീധരന്‍
Kerala News
ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; പ്രസ്താവന തിരുത്തി വി.മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th March 2021, 8:04 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

‘ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു’, എന്നായിരുന്നു മുരളീധരന്റെ ആദ്യപ്രസ്താവന. ഈ പ്രസ്താവന തിരുത്തിയാണ് ഇപ്പോള്‍ അദ്ദേഹം രംഗത്തെത്തിയത്.

‘മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ തീരുമാനത്തെപ്പറ്റിയുള്ള വിവരം ഞാന്‍ അറിഞ്ഞത്. പിന്നീട് പാര്‍ട്ടി അധ്യക്ഷനുമായി ഈ വിവരം ക്രോസ് ചെക്ക് ചെയ്തിരുന്നു. അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്’, വി. മുരളീധരന്‍ എ.എന്‍.ഐയോട് പറഞ്ഞു.

 

അതേസമയം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയായ കേരള വിജയയാത്രയുടെ തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലാണ് സുരേന്ദ്രന്റെ ഈ പ്രഖ്യാപനം നടത്തിയത്.

ശ്രീധരന്റെ നേതൃത്വത്തില്‍ അഴിമതിരഹിത സര്‍ക്കാരുണ്ടാക്കുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഫെബ്രുവരി 26 നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.

സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ അംഗത്വമെടുത്തത്. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.

പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന്‍ പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: V muralidharan On E Sreedharan’s Cm Candidateship