Daily News
90 കഴിഞ്ഞ വി.എസിനും തലയ്ക്കു സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്ന് വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 24, 12:42 pm
Thursday, 24th November 2016, 6:12 pm

രാജഗോപാലിനു പ്രായധിക്യം കൊണ്ടുള്ള പ്രശ്‌നങ്ങളാണെങ്കില്‍ 90 കഴിഞ്ഞ വി.എസ് അച്യുതാനന്ദനും തലയ്ക്കു സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ ചോദിച്ചു. 


തിരുവനന്തപുരം: ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന് തലയ്ക്കു സുഖമില്ലെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍.

ഒ. രാജഗോപാല്‍ എം.എല്‍.എയുടെ തലയ്ക്കു സുഖമില്ലെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണ്. രാജഗോപാലിനു പ്രായധിക്യം കൊണ്ടുള്ള പ്രശ്‌നങ്ങളാണെങ്കില്‍ 90 കഴിഞ്ഞ വി.എസ് അച്യുതാനന്ദനും തലയ്ക്കു സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ ചോദിച്ചു.

മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറയുന്നു. സി.പി.ഐ.എമ്മിനെ പതിറ്റാണ്ടുകളോളം നയിച്ച ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനും മരിക്കുമ്പോള്‍ 90നടുത്ത് പ്രായമുണ്ടായിരുന്നു. അദ്ദേഹവും തലയ്ക്ക് സുഖമില്ലായിരുന്ന ആളായിരുന്നെന്നാണോ മന്ത്രി മണി ഉദ്ദേശിക്കുന്നത്.


അതുപോലെതന്നെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സി.പി.ഐ.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് 80 വയസ് പിന്നിട്ടിട്ടായിരുന്നു. അദ്ദേഹത്തിനും തലയ്ക്കു സുഖമില്ലായിരുന്നു എന്നാണോ ഇപ്പറഞ്ഞതിലൂടെ മന്ത്രി മണി അര്‍ഥമാക്കുന്നതെന്നും മുരളീധരന്‍ ചോദിക്കുന്നു.

വായില്‍ വരുന്നതെന്തും എവിടെയും നിയന്ത്രണമില്ലാതെ വിളിച്ചുപറയുകയും അത് അഭിമാനമായി കരുതി കേരളീയര്‍ക്കു മുന്നില്‍ നിരവധി തവണ കോമാളിവേഷം കെട്ടിയിട്ടുമുള്ള ആളാണ് എം.എം മണി. വണ്‍, ടു, ത്രീ എന്നുപറഞ്ഞ് വെടിവച്ചും ചവിട്ടിയും കുത്തിയും കൊന്നുവെന്ന് പരസ്യമായി പറയുകയും അതിന് മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തയാളാണ് അദ്ദേഹം. വന്ദ്യവയോധികനായ വി.എസ് അച്യുതാനന്ദന്‍ മൂന്നാറിലേക്കു വന്നാല്‍ കാല്‍ തല്ലിയൊടിക്കുമെന്നു പറഞ്ഞയാളുമാണ് ഇദ്ദേഹമെന്നും മുരളീധരന്‍ പറയുന്നു.

വനിതാ പ്രിന്‍സിപ്പാലിനെ ആ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെടുത്തി അശ്ലീലഭാഷയില്‍ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയ നേതാവാണ് എം.എം മണി. മണ്ടത്തരത്തിന് ലോകറെക്കോഡിട്ട നേതാവാണ് എം.എം മണിയെന്ന് പറഞ്ഞത് ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലുള്ള മന്ത്രിമാരുടെ പാര്‍ട്ടിയായ സി.പി.ഐയാണ്. സി.പി.ഐയുടെ മുഖപത്രമായ ജനയുഗം മണിയെ ആറാട്ടുമുണ്ടനെന്നു പരിഹസിച്ചതും ആരും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.