'ചെന്നിത്തലക്ക് അതൃപ്തിയില്ല, എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും'
Kerala News
'ചെന്നിത്തലക്ക് അതൃപ്തിയില്ല, എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th August 2023, 10:00 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമങ്ങള്‍ അതൃപ്തിയുണ്ട് എന്ന തരത്തില്‍ പ്രചരണം നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നും കൂടുതല്‍ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ് ചെന്നിത്തലയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രവര്‍ത്തന സമിതിയിലെ സ്ഥിരം അംഗമായി ഉള്‍പ്പെടുത്താതില്‍ പരസ്യപ്രതികരണത്തിന് രമേശ് ചെന്നിത്തല തയ്യാറായിട്ടില്ല.

പ്രതികരിക്കാനില്ലെന്നാണ് ഇതുസംബന്ധിച്ച ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗത്തുള്ള അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവ് എന്നത് ’19 വര്‍ഷം മുമ്പുള്ള പദവിയാണിതെന്നാണ്’ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം പ്രതികരിച്ചതെന്നാണ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

2021ല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടമായ ചെന്നിത്തലക്ക് പാര്‍ട്ടിയില്‍ കാര്യമായ പദവി നിലവിലില്ല. എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് ദേശീയ നേതൃത്വം തന്നെ തഴഞ്ഞെന്ന പരിഭവം ചെന്നിത്തലക്ക് നേരത്തെതന്നെയുണ്ട്.

അതേസമയം, 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ശശി തരൂരുമാണ് ഉള്‍പ്പെിട്ടുള്ളത്.

രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ ആകെ അഞ്ച് പേരാണ് കേരളത്തില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ 34 അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്.

Content Highlight:  V.D. Sathishan said  Ramesh Chennathala is not unhappy AICC Reorganization