തിരുവനന്തപുരം: ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദയാബായിയുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.ഡി. സതീശന്‍. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂവെന്നും സതീശന്‍ പറഞ്ഞു.
‘എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കും. സംസ്ഥാനത്തിന്റെ എല്ലായിടത്തും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും.
സര്‍ക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് സമരസമിതി ഉന്നയിച്ചിരിക്കുന്നത്. എന്തെങ്കിലും പ്രഹസനം കാട്ടി സര്‍ക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ,’ എന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.
നേരത്തെ നിരാഹാര സമരം ദയ ബായിയെ സമരപന്തലില്‍ വി.ഡി. സതീശന്‍ സന്ദര്‍ശിച്ചിരുന്നു. നിസഹായരായ അമ്മമാര്‍ സമരം നടത്തിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ദയ ബായിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നതെന്നുമായിരുന്നു വി.ഡി. സതീശന്‍ അന്ന് പറഞ്ഞിരുന്നത്.