ലഖ്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങി യു.പി സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
515 ആംബുലന്‍സുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായതായാണ് റിപ്പോര്‍ട്ട്. 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാല്‍ 15-20 മിനിട്ടിനുള്ളില്‍ ഒരു മൃഗഡോക്ടറും രണ്ട് സഹായികളും സ്ഥലത്തെത്തും.ഡിസംബറോടെ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. പരാതികള്‍ അറിയിക്കാന്‍ കോള്‍ സെന്ററും ഉണ്ടാകും.
നേരത്തെ, പശുക്കളെ ദത്തെടുക്കണമെന്ന് മത നേതാക്കളോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആരെങ്കിലും ഒരു പശുവിനെ ദത്തെടുത്താല്‍, അയാള്‍ക്ക് പ്രതിമാസം 900 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും യോഗി പറഞ്ഞിരുന്നു.
പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ഒരു വ്യക്തിയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തികമായി പ്രാപ്തമാക്കാനും പശുവിനും ചാണകത്തിനും മൂത്രത്തിനും കഴിയുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്.