ഉത്ര വിധിയില്‍ കോടതിയ്ക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നു; വധശിക്ഷയില്‍ കുറയാന്‍ പാടില്ലായിരുന്നെന്ന് മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍
കൊല്ലം: അഞ്ചല്‍ ഉത്രാവധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം വിധിച്ചതില്‍ കോടതിക്ക് അതീവ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നെന്ന് മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസിഫലി. പ്രായത്തിന്റെ ആനുകൂല്യം പ്രതിയ്ക്ക് എതിരായിട്ട് ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ ഭീകരനായ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ ഇത്രയും ഭീകരമായ കുറ്റകൃത്യം ചെയ്‌തെങ്കില്‍ അദ്ദേഹം ജീവിക്കുന്നത് സമൂഹത്തിന് അപകടരമാണ്. ചെറുപ്പക്കാരനായതുകൊണ്ട് തന്നെ അത് സമൂഹത്തിന് കൂടുതല്‍ അപകടം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അത്യപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അതിഭീകരമായ ഒരു കൊലപാതകം നടത്തിയിട്ട് ആ പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം കൊടുത്തുകൊണ്ട് വിട്ടു എന്നത് തികച്ചും തെറ്റാണ്.
സംസ്ഥാന സര്‍ക്കാര്‍ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നതാണ് എന്റെ അഭിപ്രായം. വിചാരണക്കോടതി അത്യപൂര്‍വമാണെന്ന് പറഞ്ഞതിന് ശേഷം ഈ പ്രതിക്ക് ജീവപര്യന്തം കൊടുത്തത് ശരിയായ കാര്യമായി കണക്കാക്കുന്നില്ല. കേരളസമൂഹം ഒന്നാകെ കാത്തിരുന്ന വധശിക്ഷയെന്ന വിധി കൊടുക്കാതിരുന്നത് കോടതിക്ക് പറ്റിയ തെറ്റ് തന്നെയാണെന്നും അഡ്വ. ആസിഫലി പറഞ്ഞു.
അതേസമയം അപ്പീല്‍ കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. കൊലപാതകത്തിനൊഴികെ പരമാവധി ശിക്ഷ കിട്ടിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കോടതി വിധിയില്‍ തൃപ്തനാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍ പ്രതികരിച്ചത്. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും എസ്. ഹരിശങ്കര്‍ പറഞ്ഞു.