ശബരിമലയിലെ വഴിപാട് വിഷയത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തുണച്ച് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഈയിടെയായിരുന്നു മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത്.
പിന്നാലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല ഉള്‍പ്പെടെയുള്ള ആളുകള്‍ അതിനെ വിമര്‍ശിച്ചിരുന്നു. അതേസമയം നിരവധി പേര്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് ജാവേദ് അക്തര്‍ പറയുന്നത്. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം.
‘ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും വേണം.
അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നു,’ ജാവേദ് അക്തര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു
മമ്മൂട്ടിക്കായി ഉഷപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: Javed Akthar Supports Mohanlal And Mammootty On Shabarimala Vazhipadu Issue