'ഐശ്വര്യ' ചികിത്സ നടത്തി വനിതാ ഡോക്ടറുടെ 45 പവന്‍ തട്ടി; ഉസ്താദിനെ പൊലീസ് തിരയുന്നു
Kerala News
'ഐശ്വര്യ' ചികിത്സ നടത്തി വനിതാ ഡോക്ടറുടെ 45 പവന്‍ തട്ടി; ഉസ്താദിനെ പൊലീസ് തിരയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th November 2021, 8:48 am

കോഴിക്കോട്: മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണം തട്ടിയതായി പരാതി. ഡോക്ടറുടേയും കുടുംബത്തിന്റേയും ‘ഐശ്വര്യത്തിന്’ എന്ന പേരില്‍ ചികിത്സ നടത്തിയ ഇയാള്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു.

ഫറോക്ക് സ്വദേശിനിയായ ഡോക്ടറുടെ പരാതിയില്‍ ഉസ്താദിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ കോയ ഉസ്താദ്, ഇയാളുടെ സഹായികളായ രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പ് നടത്തിയവരുടെ പൂര്‍ണ വിവരങ്ങള്‍ ഡോക്ടര്‍ക്ക് അറിയാത്തതിനാല്‍ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പരാതിക്കാരി നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.

ഉസ്താദും സഹായികളും ഒളിവില്‍ പോയതായും സൂചനയുണ്ട്.

ക്ലിനിക്കില്‍ സ്ഥിരമായി ചികിത്സക്ക് വന്നിരുന്നയാളാണ് ഡോക്ടറുടെ ‘കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും സമാധാനത്തിനും’ വേണ്ടി മന്ത്രവാദചികിത്സ നിര്‍ദേശിച്ചത്. ഡോക്ടര്‍ക്ക് ഉസ്താദിനെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ആദ്യം വിശ്വാസമില്ലായിരുന്നെങ്കിലും പിന്നീട് പരീക്ഷണമെന്ന നിലയില്‍ ഡോക്ടര്‍ മന്ത്രവാദചികിത്സയ്ക്ക് സമ്മതിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ചികിത്സയ്ക്ക് സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്‍മാറിയിരുന്നു.

എന്നാല്‍ സ്വര്‍ണം വേണ്ടെന്ന് ഉസ്താദ് അറിയിച്ചതിനെതുടര്‍ന്ന് അയാളുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടറുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും പേരില്‍ ഒരോ പൊതിയിലായി സ്വര്‍ണാഭരണങ്ങള്‍ ചികിത്സാ കേന്ദ്രത്തിലെ അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞ് തിരിച്ചെടുക്കാമെന്ന വാക്കിന്മേല്‍ 45 പവന്‍ സ്വര്‍ണമായിരുന്നു അലമാരയില്‍ വെച്ചത്.

ഇടക്കിടെ ഉസ്താദ് മന്ത്രം ചൊല്ലുകയും സ്വര്‍ണത്തില്‍ ഊതുകയും ചെയ്തിരുന്നു. എന്നാല്‍ പറഞ്ഞസമയം കഴിഞ്ഞിട്ടും തിരിച്ച് കിട്ടാതായതോടെ അലമാര പരിശോധിക്കുകയും തുടര്‍ന്ന് സ്വര്‍ണം നഷ്ടമായത് കണ്ടെത്തുകയുമായിരുന്നു. ഉസ്താദിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ustad cheats lady doctor and ran away with 45 poun gold