ന്യൂദല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതിയില്ല. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
നേരത്തെ ഇംഗ്ലണ്ടില്‍ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയിലും ഉടനെ വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു.
വാക്സിന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം. അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ ഇപ്പോള്‍ കണ്ടെത്തിയ വാക്സിന്‍ ഫലപ്രദമല്ലെന്ന പ്രചരണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കെ.വിജയരാഘവന്‍ പറഞ്ഞു.
വൈറസിനുണ്ടാകുന്ന ചെറിയ ജനിതക മാറ്റങ്ങള്‍ വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്‌ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെെറസിന്റെ അപകടകരമായ സ്‌ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക