വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ ഇന്ത്യന്‍ പതാക പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആരാണ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയുമേന്തി എത്തിയതെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. മലയാളിയായ വിന്‍സന്റ് പാലത്തിങ്കലാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍സന്റ് പാലത്തിങ്കല്‍ മനോരമ ന്യൂസില്‍ പ്രതികരണവുമായെത്തിയിരുന്നു.
അക്രമിക്കാനല്ല, മാന്യമായ സമരത്തിന് മാത്രമാണ് പോയതെന്നാണ് വിന്‍സന്റ് പറഞ്ഞത്. പത്ത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നെന്നും തങ്ങളെ അക്രമികളായി മുദ്ര കുത്തരുതെന്നും വിന്‍സന്റ് പറഞ്ഞു.
സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും വിന്‍സന്റ് പറഞ്ഞു. വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നും വിന്‍സന്റ് പറയുന്നു. ഡെമോക്രാറ്റുകളാണ് നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കിയതെന്നും വിന്‍സന്റ് പറഞ്ഞു.
‘അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. മാന്യമായിട്ട് ജീവിക്കുന്ന ആളാണ്. കലഹത്തിനും പ്രക്ഷോഭത്തിനും പോകുന്ന ആളല്ല ഞാന്‍. പത്ത് ലക്ഷത്തോളം പേര്‍ അവിടെയുണ്ടായിരുന്നു. അതില്‍ പത്തോ പതിനഞ്ചോ പേരാണ് സാഹസികമായി മതിലില്‍ പിടിച്ചുകയറി അക്രമമുണ്ടാക്കിയത്. മിലിട്ടറിയിലുള്ള പരിശീലനം സിദ്ധിച്ചവരെ പോലെയുള്ളവരായിരുന്നു അവര്‍. അവര്‍ വാതില്‍ തുറന്നു. പിന്നീട് അമ്പതോളം പേര്‍ അകത്തു കയറി. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്.
ഇത്തരം അക്രമങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല. കാരണം ഇതിന്റെ പ്രശ്‌നം മുഴുവന്‍ ഉണ്ടായത് ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ കേസിന്റെ വാലിഡിറ്റിയാണ് നഷ്ടപ്പെട്ടത്.’ വിന്‍സന്റ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടക്കാനുള്ള നിരവധി സാധ്യതകളുണ്ടെന്ന് പറഞ്ഞ വിന്‍സന്റ് അത് തെളിയിക്കാന്‍ കുറച്ചു സമയം വേണമെന്നും പറഞ്ഞു. അഴിമതിയുണ്ടെന്ന് വൈസ് പ്രസിഡന്റിന് അറിയാം. അത് തെളിയിക്കാന്‍ പറ്റില്ലെന്ന് അറിഞ്ഞാല്‍ എല്ലാവരും അത് വിട്ടുകളഞ്ഞുപോകും. പക്ഷെ ട്രംപ് വ്യത്യസ്തനാണ്. അദ്ദേഹം പോരാടും. ആ അഴിമതി തടയാന്‍ ശ്രമിക്കുന്നു. അതിനാണ് ഞങ്ങള്‍ ട്രംപിനോട് നന്ദി പറയുന്നതെന്നും വിന്‍സന്റ് പറഞ്ഞു.
അതേസമംയ ട്രംപ് അനുകൂലികള്‍ക്കൊപ്പം ഇന്ത്യന്‍ പതാക പിടിച്ച് അണിചേര്‍ന്ന പ്രതിഷേധക്കാര്‍ക്കതെിരെ വിമര്‍ശനം ശക്തമായിരുന്നു. പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക പാറുന്നത്? ഇത് തീര്‍ച്ചയായും നമ്മള്‍ പങ്കെടുക്കേണ്ടതില്ലാത്ത ഒരു പോരാട്ടമാണ്’ എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.
ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.
”അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വീഡിയോയില്‍ യു.എസ് സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍വെച്ച് ഒരു സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ട്രംപ് പ്രകോപിതനായി. എല്ലാവരോടും സംയമനം പാലിക്കണമെന്നും അനുരഞ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന അക്രമ സംഭവത്തില്‍ ലോകനേതാക്കളെല്ലാവരും ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 25ാമത് ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ട്രംപിനുള്ള പിന്തുണ കുറഞ്ഞിരുന്നു.
വ്യാഴാഴ്ച പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.
ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക