ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന് നായകനായി വന്ന സിനിമയാണ് മാര്‍ക്കോ. ബോക്സ് ഓഫീസില്‍ നിന്ന് 100 കോടിയാണ് ചിത്രത്തിന് കളക്ഷന്‍ കിട്ടിയത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍സ് ചിത്രമാണ് മാര്‍ക്കോ എന്നാണ് സിനിമയെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിശേഷിപ്പിച്ചത്.
ചിത്രം പുറത്തിറങ്ങിയത് മുതല്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ചിത്രം വയലന്‍സ് ആയത്കൊണ്ട് അത് കാഴ്ചക്കാരെ സ്വാധീനിക്കുമെന്നും സിനിമകളില്‍ ഇത്രയ്ക്ക് വയലന്‍സ് വേണോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മാര്‍ക്കോ സിനിമയെയാണ് ഇപ്പോള്‍ എല്ലാവരും കുറ്റം പറയുന്നതെന്നും എന്നാല്‍ ആ നടന്റെ മാളികപ്പുറം കണ്ടിട്ട് എന്താണ് ഭക്തിമാര്‍ഗം സ്വീകരിക്കാത്തതെന്നും പറയുകയാണ് സംവിധായകന് എ. കെ സാജന്. സിനിമ വളരെ കുറച്ച് മാത്രമാണ് സ്വാധീനിക്കുന്നതെന്നും സിനിമയല്ല പ്രശ്നമെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് സാജന്.
എല്ലാ സിനിമകളിലും വില്ലന്‍ തന്നെയാണ് കൊല്ലപ്പെടുന്നതെന്നും, തിന്മയെയാണ് നശിപ്പിക്കുനന്തെന്നും അത് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവനല്ല പ്രേഷകര്‍ എന്ന് പറയുന്നവരെന്നും സാജന് പറയുന്നു. നമ്മുടെ കുടുംബങ്ങളില്‍ ഒരു നിരാശ ബാധിച്ചിട്ടുണ്ടെന്നും അതിന് ഉത്തരം പറയേണ്ടത് സിനിമാക്കാര് അല്ലെന്നും സാജന് പറഞ്ഞു.
ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യന്‍ സമൂഹത്തില്‍ നടക്കുന്ന എല്ലാ ക്രൈമിന്റെയും കാരണം സിനിമയാണെന്ന് പറഞ്ഞാല്‍ നമുക്ക് നമ്മോട് തന്നെ കുറ്റബോധം തോന്നും. മാര്‍ക്കോ സിനിമയെയാണ് കാരണമായി എല്ലാവരും പറയുന്നത്. എന്നാല്‍ ആ നടന്റെ മാളികപ്പുറം കണ്ടിട്ട് ഭക്തിമാര്‍ഗത്തിലേക്ക് ഈ സമൂഹം മാറിയാല്‍ മതിയാരുന്നല്ലോ? അപ്പോള്‍ എത്ര കുറച്ചാണ് സ്വാധീനിക്കുന്നതെന്ന് നോക്കൂ. അതല്ല പ്രശ്നം.
ഈ പറയുന്ന എല്ലാ പടങ്ങളിലും വില്ലന്‍ തന്നെയാണ് കൊല്ലപ്പെടുന്നത്. ആത്യന്തികമായി ഇല്ലാതായി പോകുന്നത് തിന്മ തന്നെയാണ്. അത് മനസ്സിലാക്കാന്‍ ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ പ്രേഷകന് എന്ന് പറയുന്നത്. അതൊന്നും അല്ല, നമ്മുടെ കുടുംബങ്ങളില്‍ ഒരു നിരാശ ബാധിച്ചിട്ടുണ്ട്. അതിനുത്തരം പറയേണ്ടത് സിനിമാക്കാരന് അല്ല.
എല്ലാവരും കൂട്ടം കൂടി ജീവിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഓരോ ദിവസവും തോന്നും. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും.’ സാജന് പറഞ്ഞു.
Content Highlight: Director AK Sajan Talking About Marco Film