മൊഗാഡിഷു: യുദ്ധാനന്തരം ഗസയില്‍ നിന്ന പുറത്താക്കുന്ന ഫലസ്തീനികളെ സൊമലിയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള അമേരിക്കയുടേയും ഇസ്രഈലിന്റേയും പദ്ധതി തള്ളി സൊമാലി.
ഗസയില്‍ നിന്ന് ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവും അമേരിക്കയില്‍ നിന്നോ ഇസ്രഈലില്‍ നിന്നോ സൊമാലിയയ്ക്കും സൊമാലിലാന്‍ഡിനും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രിമാര്‍ നിര്‍ദേശം ലഭിച്ചാലും അത്തരമൊരു നീക്കത്തെ പൂര്‍ണമായും നിരസിക്കുമെന്നും പറഞ്ഞു.
ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് ആഫ്രിക്കന്‍ പ്രദേശങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് സുഡാന്‍, സൊമാലിയ, സൊമാലിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി യു.എസ്, ഇസ്രഈല്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫലസ്തീന്‍ ജനതയുടെ പൂര്‍വിക ഭൂമിയില്‍ സമാധാനപരമായി ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു നിര്‍ദേശത്തെയും തന്റെ രാജ്യം നിരാകരിക്കുമെന്ന് സൊമാലിയന്‍ വിദേശകാര്യ മന്ത്രി അഹമ്മദ് മൊആലിം ഫിഖി പറഞ്ഞു.
സൊമാലിയന്‍ സര്‍ക്കാരിന് അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം റോയിട്ടേഴ്സിനോട് വ്യക്തമാക്കി. മറ്റ് ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി സൊമാലിയന്‍ പ്രദേശം ഉപയോഗിക്കുന്ന ഏതൊരു പദ്ധതിക്കും സര്‍ക്കാര്‍ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൊമാലിയക്ക് പുറമെ സുഡാന്‍, സൊമാലിയയില്‍ നിന്ന് വേര്‍പെട്ട സൊമാലിലാന്‍ഡ് എന്നീ പ്രദേശങ്ങളെയും യു.എസും ഇസ്രഈലും സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സൊമാലിയയടക്കമുള്ള മൂന്ന് രാജ്യങ്ങളും ദീര്‍ഘകാലമായി സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച കൈറോയില്‍ നടന്ന അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു പദ്ധതിയെയും തന്റെ രാജ്യം പൂര്‍ണമായും നിരസിക്കുന്നുമെന്ന് സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍-ഫത്താഹ് ബുര്‍ഹാന്‍ പറഞ്ഞിരുന്നു.
ഗസക്കാരെ പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി പ്രകാരം, ഗസയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റി യു.എസ് ഗസയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. അതിന് ശേഷം ഗസയില്‍ ഒരു നീണ്ട ശുചീകരണ പ്രക്രിയ നടത്തുമെന്നും ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റായി അവിടം വികസിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.
ഫലസ്തീനികളെ കൂട്ടത്തോടെ നാടുകടത്തുക എന്നത് ഇസ്രഈലിന്റെ ചിരകാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം വൈറ്റ് ഹൗസിലെ യോഗത്തില്‍വെച്ച് ട്രംപ് ഈ ആശയം അവതരിപ്പിച്ചതോടെ ഇത് കൂടുതല്‍ ശക്തമായി.
അതേസമയം ട്രംപിന്റെ ഈ നിര്‍ദേശം ഫലസ്തീനികള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പുറമെ അറബ് രാജ്യങ്ങളടക്കം കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഫലസ്തീനികളെ അവരുടെ സ്ഥലത്ത് തന്നെ താമസിക്കാന്‍ അനുവദിക്കുന്ന പുനര്‍നിര്‍മാണ പദ്ധതി അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഫലസ്തീനികളെ അവരുടെ മണ്ണ് വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാലും, ട്രംപ് തന്റെ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
Content Highlight: Somalia says no talks to accept Palestinians; will not allow them to be evicted from its own soil