Entertainment news
സ്വന്തം ശബ്ദത്തില്‍ ഇത്ര കോണ്‍ഫിഡന്‍സുള്ള മറ്റൊരു നടനില്ല; അന്ന് നരസിംഹത്തിന്റെ സമയത്ത് അദ്ദേഹമൊരു കാര്യം പറഞ്ഞു: ഇര്‍ഷാദ് അലി

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു.

ഇപ്പോള്‍ നടന്‍ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ഇര്‍ഷാദ് അലി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം സ്വന്തം ശബ്ദമാണെന്നാണ് ഇര്‍ഷാദ് പറയുന്നത്.

സ്വന്തം ശബ്ദത്തില്‍ ഇത്രയും കോണ്‍ഫിഡന്‍സുള്ള മറ്റൊരു നടനെ കാണുമോയെന്ന് തനിക്ക് അറിയില്ലെന്നും ഇര്‍ഷാദ് അലി പറയുന്നു. അമൃത ടി.വിയുടെ ‘ഓര്‍മയില്‍ എന്നും എന്‍.എഫ്. വര്‍ഗീസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്‍.എഫ് ഏട്ടന്റെ ഏറ്റവും വലിയ ആത്മവിശ്വാസം അദ്ദേഹത്തിന്റെ ശബ്ദമാണ്. ഒരു സീന്‍ ചെയ്ത ശേഷം അതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് ഡബ്ബില്‍ അഡ്ജസ്റ്റ് ചെയ്യാമെന്ന് നമ്മള്‍ എപ്പോഴും തമാശക്ക് പറയാറുണ്ട്.

സ്വന്തം ശബ്ദത്തില്‍ ഇത്രയും കോണ്‍ഫിഡന്‍സുള്ള മറ്റൊരു നടനെ കാണുമോയെന്ന് എനിക്ക് അറിയില്ല. ‘ഡബ്ബിങ്ങില്‍ ഞാന്‍ ചില മാന്ത്രികതകള്‍ ഉപയോഗിക്കും’ എന്നാണ് അദ്ദേഹം പറയാറുള്ളത്.

നരസിംഹത്തില്‍ അദ്ദേഹം ലാലേട്ടന്റെ കൂടെയുള്ള സീന്‍ കഴിഞ്ഞതും അദ്ദേഹം എന്നോട് പറഞ്ഞത് ‘ഡബ്ബിങ്ങില്‍ ഞാന്‍ വേറെയൊരു സാധനമിടും’ എന്നായിരുന്നു. അദ്ദേഹത്തിന് ശബ്ദം അത്രയും പ്രിയപ്പെട്ടതായിരുന്നു. സ്വന്തം ശബ്ദത്തില്‍ എന്‍.എഫ് ഏട്ടന് നൂറ് ശതമാനവും വിശ്വാസമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ശബ്ദം നമ്മളെയൊക്കെ വളരെ വശീകരിച്ചത് തന്നെയാണ്. മലയാളികള്‍ക്കൊക്കെ ഇഷ്ടമുള്ള ഒരു ശബ്ദമാണ് അദ്ദേഹത്തിന്റേത്. മിമിക്രക്കാരൊക്കെ ഏത് സമയത്തും എപ്പോഴും ഉപയോഗിക്കുന്ന ശബ്ദം കൂടിയാണ് അദ്ദേഹത്തിന്റേത്,’ ഇര്‍ഷാദ് അലി പറയുന്നു.

Content Highlight: Irshad Ali Talks About NF Varghese