ചരക്കുകള്‍ക്കു നികുതി; അമേരിക്കന്‍ വ്യാപര ബില്ലിനെതിരെ ചൈന
Big Buy
ചരക്കുകള്‍ക്കു നികുതി; അമേരിക്കന്‍ വ്യാപര ബില്ലിനെതിരെ ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th March 2012, 8:00 am

ബെയ്ജിംഗ്: ചൈനയില്‍ നിന്നും വിയറ്റ്‌നമില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സബ്‌സിഡ് ചരക്കുകള്‍ക്കു നികുതി ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്ന അമേരിക്കന്‍ വ്യാപാര ബില്ലിനെതിരെ ചൈന ശക്തമായി രംഗത്തു വന്നു. അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കു വിരുദ്ധമായാണ് അമേരിക്കയുടെ നീക്കം എന്ന് ചൈന കുറ്റപ്പെടുത്തി. ലോക വ്യാപാര സംഘടനയുടെ നിയമങ്ങളാണു പാലിക്കേണ്ടത്. അതിനു വിരുദ്ധമായി ഏതെങ്കിലും രാജ്യം കൊണ്ടുവരുന്ന നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ചൈനീസ് വാണിജ്യ കാര്യമന്ത്രി ഷെന്‍ ഡെമിംഗ് പറഞ്ഞു.

ലോക വ്യാപാര രംഗത്ത് അമേരിക്കയെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ചൈനയ്ക്ക് സാധിച്ചെന്നും അതിനാല്‍ തങ്ങളുടെ വ്യാപരക്കമ്മി കഴിഞ്ഞ വര്‍ഷം 2.1 ശതമാനത്തിലേക്ക് താഴ്‌ന്നെന്നും ചൈന അവകാശപ്പെടുന്നു. വ്യാപാര കമ്മി പരിഹരിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതുകൊണ്ട് യുവാന്റെ മൂല്യം താഴ്ത്തുന്ന പ്രശ്‌നമില്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്.

അമേരിക്കന്‍ തൊഴിലവസരം സംരക്ഷിക്കാനെന്ന പേരില്‍ പ്രസിഡന്റ് ഒബാമ തന്നെ മുന്‍കൈയെടുത്തു കൊണ്ടു വന്ന ബില്ലിനെയാണ് ചൈന എതിര്‍ത്തിരിക്കുന്നത്. ബില്‍ കഴിഞ്ഞദിവസം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു.

അമേരിക്കയുടെ വ്യാപാര കമ്മി 35,00,000 കോടിയാണ്. എന്നാല്‍ ചൈനയുടേത് 7.5 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞവര്‍ഷം ചൈനയില്‍ നിന്നുള്ള അമേരിക്കന്‍ ഇറക്കുമതി 20,00,000 കോടിയുടേതായിരുന്നു.

Malayalam news

Kerala news in English