ഫലസ്തീനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രാഈലിനെ പിന്തുണച്ച് അമേരിക്ക; അക്രമത്തെ ന്യായീകരിച്ച് ബൈഡന്‍
World News
ഫലസ്തീനെതിരായ ആക്രമണം തുടരുന്നതിനിടെ ഇസ്രാഈലിനെ പിന്തുണച്ച് അമേരിക്ക; അക്രമത്തെ ന്യായീകരിച്ച് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th May 2021, 8:27 am

വാഷിംഗ്ടണ്‍: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് ജോ ബൈഡന്‍ രംഗത്തെത്തിയത്.

മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈഡന്‍ ഇസ്രാഈലിനെ പിന്തുണച്ച് രംഗത്തെത്തിയത്.

പെട്ടെന്ന് തന്നെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നുതെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഇസ്രാഈലിന്റെ സുരക്ഷയെയും അക്രമത്തെ പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെയും അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ പിന്തുണച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിന് അമേരിക്ക ശ്രമിക്കും,’ യു.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇസ്രാഈലിനെ പിന്തുണച്ചു.

അതേസമയം നിരവധി ഡെമോക്രാറ്റ് എം.പിമാര്‍ ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്ലിങ്കണ് കത്ത് നല്‍കി.

കിഴക്കന്‍ ജറുസലേമില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നത് തടയാന്‍ ഇസ്രാഈലിനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 25 ഡെമോക്രാറ്റ് എം.പിമാരാണ് ബ്ലിങ്കണ് കത്തയച്ചത്.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇസ്രാഈല്‍ ആക്രമണത്തില്‍ 16 കുട്ടികളടക്കം 67 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച ഗാസ ലക്ഷ്യമാക്കി ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.

ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസിം ഇസയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഫലസ്തീനില്‍ പൊലീസ് സ്റ്റേഷനുകളിലേക്കും സൈന്യങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്കും ഇസ്രാഈല്‍ നിരന്തരം മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.

ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രാഈല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ വന്‍കെട്ടിടസമുച്ചയം പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു

ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ആറ് പേരാണ് ഇസ്രാഈലില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

ഇസ്രാഈലിന്റെ ജറുസലേം പതാക ദിനത്തിന്റെ ഭാഗമായി പ്രദേശത്ത് വര്‍ഷാവര്‍ഷം നടത്തുന്ന റാലി ഈ വര്‍ഷവും നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതാണ് തിങ്കളാഴ്ച സംഘര്‍ഷം ശക്തമാകാന്‍ കാരണമായത്.

1967ല്‍ കിഴക്കന്‍ ജറുസലേം പിടിച്ചടുക്കിയതിന് ശേഷമാണ് ഇസ്രാഈല്‍ ജറുസലേം പതാക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികളെ പുറത്താക്കിക്കൊണ്ട് ജറുസലേമില്‍ ഇസ്രാഈല്‍ നടത്തിയ അധിനിവേശത്തിനെതിരെ അന്ന് മുതല്‍ തന്നെ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഫലസ്തീന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തിലെ പ്രധാന ഘടകമാണ് ഈ അധിനിവേശം.

കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇസ്രാഈല്‍ നടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US supports Israel amid it continue strikes on Gaza