ടോകിയോ: ഒളിംപിക്സിലെ ആദ്യ പോഡിയം പ്രതിഷേധവുമായി അമേരിക്കയുടെ ഷോട്ട് പുട്ട് താരം റേയ്‌വെന്‍ സാന്‍ഡേസ്. വനിതകളുടെ ഷോട്ട് പുട്ടില്‍ വെള്ളി നേടിയ താരം മെഡല്‍ പോഡിയത്തിലേറി ഇരു കൈകളും ഉയര്‍ത്തി ‘x’ ആകൃതിയില്‍ പിടിക്കുകയായിരുന്നു.
അടിച്ചമര്‍ത്തപെട്ടവര്‍ക്കുള്ള ഐക്യദാര്‍ഢ്യം എന്ന നിലയിലാണ് യു.എസ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലോകമെങ്ങും പോരാടുന്നതും നിശബ്ദരാക്കപെട്ടിരിക്കുന്നതുമായ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന മെഡല്‍ നേട്ടതിനു ശേഷം റേയ്‌വെന്‍ പ്രതികരിച്ചു.
എന്നാല്‍ ഒളിംപിക് പോഡിയത്തിലെ പ്രതിഷേധത്തില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി എന്ത് നടപടി സ്വീകരിക്കും എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ഐ.ഒ.സിയുടെ പുതിയ നിയമപ്രകാരം മത്സരത്തിനു മുമ്പെയുള്ള സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദനീയം ആണെങ്കിലും പോഡിയത്തിലെ പ്രതിഷേധങ്ങള്‍ അച്ചടക്ക നടപടിക്ക് കാരണമാകും.
പ്രതിഷേധിക്കുന്ന തങ്ങളുടെ താരങ്ങള്‍ക്കു നേരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് യു.എസ് ഒളിംപിക് കമ്മിറ്റി ഒളിംപിക്സിനു മുന്‍പേ തന്നെ അറിയിച്ചിരുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്തരങ്ങേറിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
‘മികച്ച സാഹചര്യങ്ങളില്‍ നിന്ന് വരുന്ന മികച്ച താരങ്ങളുമായാണ് എന്റെ മത്സരം. മാനസികവും ശാരീരികവുമായി പിന്നിലായിരുന്ന കാലങ്ങള്‍ക്ക് ശേഷം കഠിനാധ്വാനത്തിലൂടെ ഒരു മെഡല്‍ നേടാനായി എന്നത് നിരവധിപേര്‍ക്ക് പ്രചോദനമാകും എന്നാണ് പ്രതീക്ഷ,’ റേയ്‌വെന്‍ പറഞ്ഞു.
നേരത്തെ വനിതകളുടെ ജിംനാസ്റ്റിക്സില്‍ സ്ത്രീകളെ ലൈംഗിക ചരക്കുവസ്തുക്കള്‍ ആക്കുന്നതിനെതിരെ ജര്‍മ്മന്‍ ടീം പ്രതിഷേധിച്ചിരുന്നു. സാധാരണ വനിതാ ജിംനാസ്റ്റിക് താരങ്ങള്‍ ധരിക്കുന്ന ബിക്കിനി കട്ട് ലിയോടാര്‍ഡിന് പകരം പുരുഷന്മാര്‍ ധരിക്കുന്ന തരത്തിലുള്ള യൂണിടാര്‍ഡ് ധരിച്ചായിരുന്നു ഇവര്‍ മത്സരത്തിനെത്തിയത്.
വനിതകളുടെ ഷോട്ട് പുട്ടില്‍ ചൈനീസ് താരം ഗോങ് ലിജൗ സ്വര്‍ണ്ണവും ന്യൂസിലന്റിന്റെ വലേറിയ ആദംസ് വെങ്കലവും നേടി.
ജപ്പാനിലെ ടോകിയോയില്‍ ജുലൈ 23 മുതല്‍ ആഗസ്റ്റ് 8 വരെയാണ് ഒളിംപിക്സ് നടക്കുന്നത്.