ഫലസ്തീനികളെ ആക്രമിച്ച ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി യു.എസ്
World
ഫലസ്തീനികളെ ആക്രമിച്ച ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 1:03 pm

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച ഇസ്രഈലി കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. ഇത്തരം കുടിയേറ്റക്കാരെ നിരോധിക്കുന്ന പുതിയ വിസ നയം നടപ്പിലാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇസ്രഈലി പൗരന്മാര്‍ക്ക് 90 ദിവസം വരെ യു.എസിലേക്ക് വിസ രഹിത യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് രണ്ട് മാസത്തിന് ശേഷമാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ ഈ പ്രഖ്യാപനം.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തുന്ന തീവ്രവാദി കുടിയേറ്റക്കെതിരെ നടപടിയെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘വെസ്റ്റ്ബാങ്കില്‍ സിവിലിയന്മാര്‍ക്കെതിരായ എല്ലാ അക്രമങ്ങളും തടയേണ്ടതുണ്ട്. അവിടെ എന്താണ് നടക്കുന്നത് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കുറ്റവാളുകളുടെ കാര്യത്തിലും ഇരകളുടെ കാര്യത്തിലും.

ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രഈല്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഇസ്രഈല്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയാണ്. അക്രമത്തില്‍ പങ്കാളികളാകുന്നവരും അവരുടെ കുടുംബങ്ങളും ഉടനടി വിസ നിരോധനത്തിന് വിധേയമായിരിക്കും. ഇസ്രഈലികള്‍ക്കെതിരെ അക്രമത്തില്‍ ഏര്‍പ്പെട്ട ഫലസ്തീനികള്‍ക്കും പുതിയ നയം ബാധകമാകും.

വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമം വര്‍ദ്ധിക്കുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമം പ്രതിദിനം ഇരട്ടിയാകുന്നതായി യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ ഓഫീസ് നവംബര്‍ 1 ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

‘കുടിയേറ്റക്കാരുടെ ആക്രമണം ‘ക്രൂരമാണ്’, കുടിയേറ്റക്കാര്‍ തങ്ങളുടെ ഫാമുകളും കെട്ടിടങ്ങളും നശിപ്പിക്കുകയും വീടുകള്‍ ബുള്‍ഡോസര്‍ ചെയ്യുകയാണ്. പലായനമല്ലാതെ ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റ് വഴികളില്ല,’ എന്നായിരുന്നു വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ നിവാസികള്‍ നേരത്തെ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞത്.

അതേസമയം ഇസ്രഈലിന്റെ വംശഹത്യക്കെതിരായ പ്രതികരണങ്ങളില്‍ നിന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമങ്ങളെയും ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങളേയും ബൈഡന്‍ ഭരണകൂടം അപലപിച്ചിരുന്നു

‘വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അക്രമം ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നായിരുന്നു നവംബറില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ബൈഡന്‍ ആവശ്യപ്പെട്ടത്.

വെസ്റ്റ് ബാങ്കില്‍, ഏകദേശം 500,000 കുടിയേറ്റക്കാരാണ് താമസിക്കുന്നത്. മൂന്ന് ദശലക്ഷം ഫലസ്തീനികളാണ് വെസ്റ്റ് ബാങ്കില്‍ കഴിയുന്നത്.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 21,000 ഫലസ്തീനികള്‍ ഒക്ടോബര്‍ 7 ന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: US issues visa ban on Israeli settlers who attacked Palestinians