World News
അയാള്‍ എന്താണവിടെ ചെയ്യുന്നത്?: ചൈനക്കെതിരായ നീക്കങ്ങള്‍ മസ്‌ക്കിനെ അറിയിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 09:25 am
Thursday, 17th April 2025, 2:55 pm

വാഷിങ്ടണ്‍: ചൈനക്കെതിരായ രഹസ്യ പദ്ധതികളെ കുറിച്ച് ഇലോണ്‍ മസ്‌കിനെ അറിയിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയ്‌ക്കെതിരായ ബ്രീഫിങ്ങില്‍ മസ്‌ക് പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ടാണ് ട്രംപിന്റെ ഇടപെടല്‍.

മസ്‌ക് അവിടെ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ബ്രീഫിങ്ങില്‍ പങ്കെടുക്കാന്‍ പോവുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ട്രംപ് ജീവനക്കാരോട് ഉത്തരവിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇലോണ്‍ മസ്‌കിന് ചൈനയില്‍ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് ഉള്ളതിനാലാണ് ചൈനക്കെതിരായ ബ്രീഫിങ്ങുകളിലും രഹസ്യ മീറ്റിങ്ങുകളില്‍ നിന്നും മസ്‌കിനെ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘ട്രംപ് മസ്‌കിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെങ്കിലും ചില അതിര്‍ വരമ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. കാരണം ചൈനയില്‍ ധാരാളം ബിസിനസുകള്‍ മസ്‌കിനുണ്ട്. അവിടെ വളരെയധികം നല്ല ബന്ധങ്ങളുമുണ്ട്. ഇക്കാരണത്താല്‍ ബ്രീഫിങ് ശരിയായ കാര്യമല്ല, ‘ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ചൈനയുമായി ബന്ധപ്പെട്ട രഹസ്യ ബ്രീഫിങ് മീറ്റിങ്ങിന് ഇലോണ്‍ മസ്‌കിന്റെ പങ്കാളിത്തമുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച ശേഷമാണ് മസ്‌കിനെ തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ നടപടി. എന്നാല്‍ ബ്രീഫിങ്ങില്‍ മസ്‌കിന്റെ പങ്കാളിത്തമുള്ള വാര്‍ത്തകളെ ട്രംപ് വ്യജവാര്‍ത്തകളാണെന്ന് പറഞ്ഞിരുന്നു.

അതേസമയം മസ്‌ക് തന്റെ അഡ്മിനിസ്‌ട്രേഷന്‍ റോളുകളില്‍ നിന്നും ക്രമേണ പിന്‍മാറുമെന്ന് നേരത്തെ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തതായി ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഭരണകൂടവുമായി മസ്‌കിന് അടുത്ത ബന്ധമുണ്ടെങ്കില്‍ കൂടിയും ചൈനയുമായുള്ള കൂടിക്കാഴ്ചയിലെ കാര്യങ്ങള്‍ മസ്‌കുമായി ചര്‍ച്ച ചെയ്യരുതെന്നും ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ചൈനയുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നും മാറി നില്‍ക്കണമെന്നതിന് മുമ്പ് പെന്റഗണ്‍ ബ്രീഫിങ്ങില്‍ മസ്‌ക് പങ്കെടുത്തിരുന്നു. ആ സെഷനില്‍ ചൈനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: What is he doing there?: Donald Trump says Musk should not be informed about moves against China