സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ബില്‍ പാസാക്കി യു.എസ് സഭ; അബോര്‍ഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കുള്ള മറുപടിയെന്ന് വിലയിരുത്തല്‍
World News
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ബില്‍ പാസാക്കി യു.എസ് സഭ; അബോര്‍ഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കുള്ള മറുപടിയെന്ന് വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 8:35 am

വാഷിങ്ടണ്‍: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് പുറമെ വിവിധ വംശങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹവും ഫെഡറല്‍ നിയമപ്രകാരം സംരക്ഷിക്കുന്നതിനുള്ള ബില്‍ ആണ് യു.എസ് പ്രതിനിധിസഭ പാസാക്കി നിയമമാക്കിയിരിക്കുന്നത്.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ചേംബറില്‍ 157ന് എതിരെ 267 വോട്ടുകള്‍ക്കാണ് ചൊവ്വാഴ്ച ബില്‍ (The Respect for Marriage Act) പാസായത്. ഡെമോക്രാറ്റുകള്‍ക്ക് പുറമെ 47 റിപബ്ലിക്കന്‍ ജനപ്രതിനിധികളും ബില്ലിനെ പിന്തുണച്ചു.

ഗര്‍ഭനിരോധന അവകാശ നിയമത്തിന്മേലും ഈയാഴ്ച തന്നെ (Right to Contraception Act) ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കും.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ രാജ്യത്ത് നടത്തിയ ഒരു സര്‍വേയില്‍ 71 ശതമാനം പേരും സ്വവര്‍ഗവിവാഹങ്ങളെ പിന്തുണക്കുന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം, നേരത്തെ ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമല്ല, എന്ന യു.എസ് സുപ്രീംകോടതി വിധിക്കുള്ള മറുപടിയെന്നോണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരം പുരോഗമനപരമായ നീക്കങ്ങള്‍ ഉണ്ടാകുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയായിരുന്നു യു.എസ് സുപ്രീംകോടതി ജൂണ്‍ അവസാനവാരം പുറത്തുവിട്ട വിധിയിലൂടെ റദ്ദാക്കിയത്. കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള കോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കായിരുന്നു 50 വര്‍ഷത്തോളം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ട് വിവാദ വിധി പ്രസ്താവിച്ചത്.

എന്നാല്‍ കോടതിവിധിക്കെതിരെ യു.എസിനകത്തും പുറത്തും പ്രതിഷേധപ്രകടനങ്ങളും നടന്നിരുന്നു.

യു.എസ് സുപ്രീംകോടതി വിധി പുറത്തുവന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു ബില്‍ ആവശ്യമായിരുന്നു എന്നാണ് ഡെമോക്രാറ്റുകള്‍ ഇതിനോട് പ്രതികരിച്ചത്.

Content Highlight: US House passes bill to protect same sex marriages