മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അടുത്തിടെ ഉര്‍വശിക്ക് ഒരുപാട് അഭിനന്ദനം നേടിക്കൊടുത്ത ചിത്രമായിരുന്നു സൂരറൈ പോട്ര്. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ അമ്മയായിട്ടാണ് ഉര്‍വശി വേഷമിട്ടത്. ചിത്രത്തിലെ പ്രകടനത്തിന് ഉര്‍വശിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.
നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹത്തോടെ സിനിമയിലേക്ക് വന്നയാളാണ് സൂര്യയെന്ന് ഉര്‍വശി പറഞ്ഞു. ആദ്യ സിനിമ മുതല്‍ തനിക്ക് ആക്ഷന്‍ ഹീറോ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നൊന്നും സൂര്യ പറഞ്ഞിട്ടില്ലെന്നും തന്റെ ഹീറോയിസം കാണിക്കാന്‍ സൂര്യ ശ്രമിച്ചിട്ടില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. നല്ലൊരു നടനും കോ ആര്‍ട്ടിസ്റ്റുമാണ് സൂര്യയെന്ന് ഉര്‍വശി പറഞ്ഞു.
വളരെ നല്ല മനസിന്റെ ഉടമയാണ് സൂര്യയെന്നും ഒരുപാട് നല്ല കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അച്ഛന്‍ തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണെന്നും ശിവകുമാര്‍ സാറിന്റെ എല്ലാ നല്ല ഗുണങ്ങളും സൂര്യക്ക് ഉണ്ടെന്നും ഉര്‍വശി പറഞ്ഞു. വസന്ത് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.
‘കൂടെ അഭിനയിച്ച നടന്മാരില്‍ പലരെയും ഇഷ്ടമാണ്. പക്ഷേ, സൂര്യയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം, നല്ല വേഷങ്ങള്‍ ചെയ്യണമെന്ന അതിയായ ആഗ്രഹത്തോടെ സിനിമയിലേക്കെത്തിയ നടനാണ് സൂര്യ. ആദ്യം തൊട്ടേ ആക്ഷന്‍ ഹീറോ വേഷങ്ങള്‍ മാത്രമേ ചെയ്യുള്ളൂ, എല്ലാ സിനിമയിലും ഹീറോയിസം കാണിക്കണം എന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നില്ല.
ഇപ്പോഴും വെറൈറ്റിയായിട്ടുള്ള ക്യാരക്ടേഴ്‌സ് തേടിപ്പിടിച്ച് ചെയ്യുകയാണ് സൂര്യ. അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം സൂര്യ ഉപേക്ഷിച്ചിട്ടില്ല. നല്ല നടനും കോ ആര്‍ട്ടിസ്റ്റുമാണ് അയാള്‍. അതുമാത്രമല്ല, നല്ലൊരു മനസിന്റെ ഉടമ കൂടിയാണ് സൂര്യ. ഒരുപാട് നല്ല കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നുണ്ട്. ശിവകുമാര്‍ സാറിന്റെ എല്ലാ നല്ല ഗുണങ്ങളും സൂര്യക്ക് ഉണ്ട്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about Suriya and his films