Entertainment
എവര്‍ഗ്രീന്‍ സ്റ്റാറെന്ന അവാര്‍ഡ് തന്നു; പിന്നീട് ഞാന്‍ ആ ടൈറ്റില്‍ ഇടുന്നില്ലെന്ന് പറഞ്ഞ് അവര്‍ എന്നോട് പിണക്കത്തിലായി: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 23, 12:00 pm
Sunday, 23rd June 2024, 5:30 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്. മലയാള സിനിമാപ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. ചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാണ് താരം.

സിനിമയുടെ അഭിനയത്തിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവി ഏറ്റെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ പദവി സീസണലായി വരുന്നതല്ലേ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്ക് എവര്‍ഗ്രീന്‍ സ്റ്റാറെന്ന ഒരു അവാര്‍ഡ് കിട്ടിയ ശേഷം ആ ടൈറ്റില്‍ താന്‍ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ് അതിന്റെ കണ്‍സേണ്‍ തന്നോട് വലിയ പിണക്കത്തിലാണെന്നും ഉര്‍വശി പറയുന്നു.

‘എന്തിനാണ് മക്കളെ അതൊക്കെ. സൂപ്പര്‍ സ്റ്റാറൊക്കെ സീസണല്‍ ആയിട്ട് വരുന്നതല്ലേ. നിങ്ങളുടെയൊക്കെ സ്‌നേഹം പോരെ. എനിക്ക് എവര്‍ഗ്രീന്‍ സ്റ്റാറെന്ന ഒരു അവാര്‍ഡ് തന്നിട്ട് ആ ടൈറ്റില്‍ ഞാന്‍ ഇടുന്നില്ലെന്ന് പറഞ്ഞ് ആ കണ്‍സേണ്‍ എന്നോട് വലിയ പിണക്കത്തിലാണ്. ഇത്രയും വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഇതുവരെ ആര്‍ക്കും അങ്ങനെ ഒരു അവാര്‍ഡ് കൊടുത്തിട്ടില്ല. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ സിനിമയില്‍ അതിടാത്തതെന്നാണ് ആ ആളുടെ ചോദ്യം.

ഞാന്‍ സിനിമ റിലീസായി കഴിയുമ്പോഴേ ഇതിനെ പറ്റി ഓര്‍ക്കുകയുള്ളു. അയ്യോ സിനിമ റിലീസായല്ലോ, ഇനി ആ ടൈറ്റില്‍ എടുത്ത് ഇടാന്‍ സാധിക്കുമോയെന്ന് അവര് കാണുമ്പോള്‍ കാണുമ്പോള്‍ എന്നോട് ചോദിക്കും. മറ്റുള്ളവരൊക്കെ അങ്ങനെയുള്ള ടൈറ്റിലുകള്‍ ഇട്ടോട്ടെ. നിങ്ങളുടെ ഹൃദയത്തില്‍ ഞാന്‍ ഉണ്ടായാല്‍ മതി. എന്നോടുള്ള സ്‌നേഹം ഉണ്ടായാല്‍ മതി. അത് മാത്രമേ എന്നും നിലനില്‍ക്കുകയുള്ളു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi Talks About Evergreen Star Tag