Entertainment
വെപ്രാളത്തില്‍ ചെയ്ത സീന്‍ ഒന്നുകൂടെ പോകാമെന്ന് കമല്‍ ഹാസന്‍, എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ മാറിനിന്നു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 24, 07:01 am
Wednesday, 24th July 2024, 12:31 pm

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം സിനിമകളിലഭിനയിച്ച താരമാണ് ഉര്‍വശി. ഒരു ദേശീയ അവാര്‍ഡും ഏഴ് സംസ്ഥാന അവാര്‍ഡും 45 വര്‍ഷത്തെ കരിയറില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്കിലും ഗംഭീര പ്രകടനമാണ് ഉര്‍വശി കാഴ്ചവെച്ചത്. തമിഴില്‍ കമല്‍ ഹാസനൊപ്പം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സിങ്കിതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത മൈക്കല്‍ മദന കാമരാജില്‍ കമലിനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഉര്‍വശി. ചെറിയ പ്രായത്തിലാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും കമലിന്റെ കൂടെ അഭിനയിച്ചപ്പോള്‍ പല സീനിലും ബുദ്ധിമുട്ടിയെന്നും ഉര്‍വശി പറഞ്ഞു. ചിത്രത്തിലെ ഒരു സീനില്‍ റിഹേഴ്‌സല്‍ പോലും നോക്കാതെ പെട്ടെന്ന് ടേക്ക് പോയെന്നും താന്‍ പെട്ടെന്ന് ഞെട്ടിയെന്നും താരം പറഞ്ഞു.

എങ്ങോട്ടാണ് പോകേണ്ടതെന്നോ, ഏത് ആംഗിളിലാണ് ക്യാമറ വെച്ചിരിക്കുന്നതെന്ന് അറിയാതെ വെപ്രാളപ്പെട്ടാണ് ആ സീന്‍ ചെയ്തതെന്നും ഉര്‍വശി പറഞ്ഞു. ഷോട്ട് എടുത്ത ശേഷം കമലിന് തന്റെ പെര്‍ഫോമന്‍സിനൊപ്പം എത്താന്‍ കഴിഞ്ഞില്ലെന്നും ഒരു ടേക്ക് കൂടെ പോകാമെന്ന് പറഞ്ഞപ്പോള്‍ താന്‍ അത് വേണ്ടെന്ന് പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മൈക്കല്‍ മദന കാമരാജ് സിനമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. കമല്‍ ഹാസന്റെ കൂടെ ഓരോ സീനിലും പിടിച്ചു നില്‍ക്കാന്‍ പാടാണ്. അതിലെ ഒരു സീനിലെ ഡയലോഗൊക്കെ ഒരുവിധം പഠിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ടേക്ക് പോകാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഞാന്‍ പെട്ടെന്ന് പേടിച്ചു. എങ്ങോട്ട് നോക്കണം. എങ്ങോട്ട് പോകണമെന്നൊന്നും അറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍.

അറിയാവുന്ന രീതിയില്‍ ഓര്‍മയില്‍ വരുന്ന രീതിയില്‍ വെപ്രാളപ്പെട്ട് ആ സീന്‍ ചെയ്തുതീര്‍ത്തു. സീന്‍ കഴിഞ്ഞതെന്നും കമല്‍ എന്റെയടുത്ത് വന്നിട്ട് ‘കള്ളീ, ഒന്നും പഠിച്ചില്ലെന്ന് പറഞ്ഞ് എന്നെ പറ്റിച്ചല്ലേ, എന്നെക്കാള്‍ നന്നായി ചെയ്തല്ലേ, ഒരു ടേക്ക് കൂടി പോകാം’ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് ഇനി പറ്റില്ല എന്ന് പറഞ്ഞ് ഞാന്‍ മാറിനിന്നു. ആദ്യം ചെയ്തതിന്റെ പാട് തന്നെ എനിക്ക് മാത്രമേ അറിയൂ,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi shares the shooting experience with Kamal Haasan