Advertisement
Entertainment
ആ റേഞ്ചിലുള്ള വേറൊരു നടന്‍ അങ്ങനെയൊരു വേഷം ചെയ്യില്ല, ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് അദ്ദേഹം: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 30, 08:30 am
Monday, 30th December 2024, 2:00 pm

മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. നാലരപ്പതിറ്റാണ്ടായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം റിലീസായ ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടാണ് കരിയറിലെ ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടിയത്.

നടൻ ശ്രീനിവാസനെ കുറിച്ച് പറയുകയാണ് ഉർവശി. മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കോമ്പോകളിലൊന്നായിരുന്നു ഉര്‍വശിയുടേയും ശ്രീനിവാസന്റേയും. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും മലയാളത്തിന് സമ്മാനിച്ചത്.

സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന നടനാണ് ശ്രീനിവാസനെന്നും എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അഭിനയിക്കാൻ അദ്ദേഹത്തിനൊരു മടിയില്ലെന്നും ഉർവശി പറയുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയെ കുറിച്ചും ഉർവശി കൂട്ടിച്ചേർത്തു.

‘ഞാന്‍ കണ്ടതില്‍, സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടന്‍. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.

ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൈാറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടന്‍ ചിലപ്പോള്‍ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്‌പെക്ടും ആരാധനയും.

പൊന്മുട്ടയിടുന്ന താറാവിന്റെ സ്‌ക്രിപ്റ്റ് കേട്ടത് എന്റെ കൊച്ചച്ചനാണ്. അങ്കിള്‍ പറഞ്ഞത് ഇതൊരു നല്ല സ്‌ക്രിപറ്റും നല്ലൊരു ക്യാരക്ടറുമാണെന്നാണ്. പൊടിമോളെ, നീ ഇത് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. നല്ല ചേഞ്ചാവുമെന്ന് പറഞ്ഞു. എന്റെ അമ്മ എപ്പോഴും പറയുന്ന കാര്യം ഏത് ക്യാരക്ടറും ചെയ്യാന്‍ തയ്യാറാകുക എന്നതാണ് ഒരു ആര്‍ടിസ്റ്റിന്റെ വെല്ലുവിളി എന്നാണ്.

ഒരേ ടൈപ്പ് റോള്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ എന്ത് വെറൈറ്റി ആണ് ഉള്ളത്. നാലും അഞ്ചും സിനിമകള്‍ ഒന്നിച്ചു ചെയ്ത കാലമാണ് അതൊക്കെ. അന്നൊന്നും തയ്യാറെടുപ്പിനൊന്നും സമയമുണ്ടായിരുന്നില്ല. പിന്നെ പ്രണയരംഗങ്ങളൊക്കെ ചെയ്യാന്‍ കുറച്ച് പ്രയാസമായിരുന്നു. എനിക്കറിയുന്ന ഒന്ന് രണ്ട് എക്‌സ്പ്രഷന്‍സുണ്ട്. അതുവെച്ച് അഡ്ജസ്റ്റ് ചെയ്യുമായിരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi About Movies With Sreenivasan