ലോകത്തിന്റെ നെറുകയില്‍ വീണ്ടും ഊരാളുങ്കല്‍; തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേട്ടം
Kerala News
ലോകത്തിന്റെ നെറുകയില്‍ വീണ്ടും ഊരാളുങ്കല്‍; തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2022, 7:09 pm

കോഴിക്കോട്: അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നേട്ടം സ്വന്തമാക്കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി. വ്യവസായ അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഊരാളുങ്കല്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഊരാളുങ്കല്‍ ഈ നേട്ടം കൈവരിക്കുന്നത്.

വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോര്‍ട്ടിലാണ് ഈ റാങ്കിങ്ങുള്ളത്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2020ലെ റാങ്കിങ്ങുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

സ്‌പെയ്‌നിലെ തൊഴിലാളി സംഘടനയായ കോര്‍പറേഷന്‍ മോണ്‍ട്രാഗോണാണ് ഈ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഊരാളുങ്കല്‍ കഴിഞ്ഞാല്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ പിന്നീടുള്ളത് ഇറ്റലി, ജപ്പാന്‍, അമേരിക്ക, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ്.

അതേസമയം 2019ലാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്‍കി ആദരിക്കുന്നത്. ഈ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമിക
സഹകരണസംഘമാണ് യു.എല്‍.സി.സി.എസ്.

കോഴിക്കോട്ടെ യു.എല്‍ സൈബര്‍ പാര്‍ക്ക്, യു.എല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്, തിരുവനന്തപുരത്തും വടകരയിലുമുള്ള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജുകള്‍, കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവ സൊസൈറ്റിയുടെ പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

കേരളീയനവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ നേതൃത്വത്തില്‍ 1925ല്‍ 14 അംഗങ്ങള്‍ ചേര്‍ന്ന് ആറണ(37 പൈസ)യുടെ പ്രാരംഭ മുതല്‍മുടക്കിലാണ് ‘ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ആരംഭിക്കുന്നത്.

ജനങ്ങള്‍ക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്നതാണ് സൊസൈറ്റിയുടെ പ്രഖ്യാപിതലക്ഷ്യം. നിര്‍മാണമേഖലയില്‍ 13,000 തൊഴിലാളികള്‍ക്കും ആയിരം എന്‍ജിനീയര്‍മാര്‍ക്കും 1000 സാങ്കേതികവിദഗ്ദ്ധര്‍ക്കും ഐ.ടി. മേഖലയില്‍ 2000 പ്രൊഫഷണലുകള്‍ക്കും കരകൗശലമേഖലയില്‍ 1000ത്തില്‍ പരം പേര്‍ക്കും സ്ഥിരമായി തൊഴില്‍ നല്‍കുന്നുവെന്നാണ് സൊസൈറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

Content Highlight: Uralungal Labour Contract Cooperative Society Ltd. wins global achievement