ന്യൂദൽഹി: നിലവാരം ഉയർത്താൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് ബീഹാറിലെ അധ്യാപകരോട് സുപ്രീം കോടതി. ബീഹാറിലെ ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠന നിലവാരം ഉയർത്തുന്നതിന് അധ്യാപകർക്ക് പരീക്ഷ നടത്തണമെന്ന ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ഒരുകൂട്ടം അധ്യാപകർ സുപ്രീം കോടതിയിൽ ഇതിനെ എതിർത്തതാണ് രൂക്ഷ വിമർശനത്തിന് കാരണം. രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കേണ്ടവരാണ് അധ്യാപകർ. അത്തരത്തിൽ നിലവാരം ഉയർത്താൻ സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് സുപ്രീം കോടതി വിമർശിച്ചു.
“രാജ്യത്തെ, പ്രത്യേകിച്ച് ബീഹാറിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഞങ്ങൾക്ക് താത്പ്പര്യമുണ്ട്. ഏതെങ്കിലും അധ്യാപകർ ഈ നിയമം പാലിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ രാജിവയ്ക്കട്ടെ. എന്നാൽ അവർ വിദ്യാർത്ഥികളെ സേവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ യോഗ്യതാ പരീക്ഷ എഴുതണം,“ സുപ്രീം കോടതി പറഞ്ഞു.
ബീഹാർ സർക്കാർ ഉത്തരവനുസരിച്ച് പരീക്ഷ ഓപ്ഷണലായിരുന്നു. പരീക്ഷ എഴുതാൻ ആഗ്രഹിക്കാത്തവർക്കെതിരെ നടപടിയെടുക്കില്ല. ബീഹാറിൽ പ്രാദേശികമായി നിയമിതരായ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ബീഹാർ പഞ്ചായത്ത് പ്രൈമറി ടീച്ചർമാർക്കുള്ള 2006ലെ നിയമ പ്രകാരമാണ് ഇവരെ സ്കൂളുകളിൽ നിയമിച്ചത്. യോഗ്യത അനുസരിച്ചാണ് ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നത്. പരീക്ഷ എഴുതിയാൽ മാത്രമേ ഇവരെ സർക്കാർ സ്കൂളുകളിലെ ടീച്ചർമാരുടെ യോഗ്യതയ്ക്ക് തുല്യമായി പരിഗണിക്കുള്ളൂ എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
ഇതിനെ എതിർത്ത അധ്യാപകരുടെ ഹരജി കോടതി തള്ളിക്കളഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ രംഗം ഏറെ മോശമാണെന്നും അത് മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ ഒരു വിഭാഗം എതിർക്കുകയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.
Content Highlight: ‘Upgrade or leave’: SC tells Bihar teachers opposing quality test