തീവ്രവാദികളെ പേടിച്ച് കോണ്‍ഗ്രസ് ഐ.പി.എല്ലിനെ നാടുകടത്തി; ഐ.പി.എല്ലും തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്ന താന്‍ എത്രയോ ഉയരത്തിലാണെന്ന് മോദി
2019 loksabha elections
തീവ്രവാദികളെ പേടിച്ച് കോണ്‍ഗ്രസ് ഐ.പി.എല്ലിനെ നാടുകടത്തി; ഐ.പി.എല്ലും തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്ന താന്‍ എത്രയോ ഉയരത്തിലാണെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 5:15 pm

ജയ്പൂര്‍: തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ രണ്ടു തവണ യുവാക്കളുടെ ഹരമായ ഐ.പി.എല്‍ ഇന്ത്യയില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പു കാലത്ത് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഐ.പി.എല്‍ സുഗമമായി നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജസ്ഥാനിലെ കരൗളിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള മോദിയുടെ വിമര്‍ശനങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടൂര്‍ണമെന്റിന് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ്, രണ്ടു വര്‍ഷം ഐ.പി.എല്‍ പുറത്ത് നടത്തിയെന്നും മോദി പറഞ്ഞു.

‘2009ലും 2014ലും യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ഭയന്ന് തെരഞ്ഞെടുപ്പു കാലത്ത് ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് മാറ്റി. അവര്‍ക്ക് തീവ്രവാദികളെ പേടിയായത് കൊണ്ടാണ്. അവര്‍ക്ക് ധൈര്യമില്ല’- മോദി പറഞ്ഞു.

‘2009ലും 2014ലും അവര്‍ പറഞ്ഞ്ത തെരഞ്ഞെടുപ്പാണ്, പൊലീസ് തിരിക്കിലായതിനാല്‍ ഐ.പി.എല്‍ പറ്റില്ലെന്നാണ്. ഇപ്പോഴും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഒപ്പം നവരാത്രി, രാമനവമി, ഹനുമാന്‍ ജയന്തിയും. ഇപ്പോള്‍ റംസാനും എത്തും. എന്നാല്‍, ഐ.പി.എല്‍ ഇപ്പോഴും ഇവിടെതന്നെയാണ് നടക്കുന്നത്. അപ്പോള്‍ പേടിയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ മോദി ഏറെ ഉയരത്തിലാണ് നില്‍ക്കുന്നതെന്നും’ പ്രധാനമന്ത്രി പറഞ്ഞു.