യു.പിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനിടെ കല്ലെറിഞ്ഞ 12 ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
national news
യു.പിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനിടെ കല്ലെറിഞ്ഞ 12 ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 5:59 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെരുന്നാള്‍ നമസ്‌കാരത്തിനിടെ വിശ്വാസികള്‍ക്ക് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി പരാതി. പ്രയാഗ് രാജ് ജില്ലയിലെ മൗദോസ്പൂരില്‍ ഈദ്ഗാഹിനെത്തിയ മുസ്‌ലിങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പേര്‍ട്ട്.

സംഭവത്തില്‍ ഈദ് ഗാഹ് കമ്മിറ്റി പ്രയാഗ് രാജ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പന്ത്രണ്ട് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഈദ് നമസ്‌കാരത്തിനിടെയാണ് ആക്രമണം നടന്നതെന്ന് ഈദ്ഗാഹ് കമ്മിറ്റി പ്രസിഡന്റ് റഹ്മത്തുള്ള പറഞ്ഞു. കല്ലെറിഞ്ഞ മൂന്ന് പേരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

‘ശനിയാഴ്ച്ച രാവിലെയാണ് മൗദോസ്പൂരില്‍ ഈദ്ഗാഹ് സംഘടിപ്പിച്ചത്. നമസ്‌കാരത്തിനിടെ ഒരു കൂട്ടം ആളുകള്‍ വിശ്വാസികള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. രാഹുല്‍ മൗര്യ, യശ്വന്ത് , അതുല്‍ എന്നിവര്‍ കല്ലെറിയുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ഇവരെ മൂന്ന് പേരെയും ചേര്‍ത്ത് ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഈദ് ഗാഹിന് നേരെ ആക്രമണം നടന്നിരുന്നു. പക്ഷെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല,’ റഹ്മത്തുള്ള പറഞ്ഞു.

അതേസമയം ആക്രമണത്തിനിടെ പരിക്കേറ്റ ചില വിശ്വാസികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

നേരത്തെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുനിരത്തുകളില്‍ മത പരമായ ആഘോഷങ്ങള്‍ നടത്തുന്നത് വിലക്കി യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പ്രകാരം പെരുന്നാളിനും അക്ഷയ തൃതീയക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് റോഡുകളില്‍ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്നാണ് വിശ്വാസികളെ വിലക്കിയിരുന്നത്.

അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് നിരോധനം കൊണ്ട് വന്നത്. ഇതിന് പിന്നാലെയാണ് പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ അക്രമിക്കപ്പെട്ടത്. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആക്രമണം നടക്കുകയായിരുന്നു.

Content Highlight: UP stone pelted on muslims during eid namaz