Advertisement
India
ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ളത് ഉത്തര്‍ പ്രദേശില്‍; പാഴാക്കുന്നത് 3.54 ശതമാനം സ്റ്റോക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 30, 05:56 am
Friday, 30th April 2021, 11:26 am

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശെന്ന് റിപ്പോര്‍ട്ട്. 11,80,659 ഡോസുകളാണ് സംസ്ഥാനത്ത് ഇനിയും ബാക്കിയുള്ളത്. 3.54 ശതമാനം വാക്‌സിന്‍ സ്‌റ്റോക്കാണ് സംസ്ഥാനം പാഴാക്കിയത്.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ പാഴാക്കുന്ന സംസ്ഥാനം തമിഴ്‌നാടാണെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 8.8 ശതമാനം വാക്‌സിനാണ് തമിഴ്‌നാട് പാഴാക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിലാണ് വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കൂടുതല്‍. 9.76 ശതമാനം വാക്‌സിന്‍ ലക്ഷദ്വീപ് പാഴാക്കുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം 1.06 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളത്. 20,48,890 വാക്‌സിന്‍ ഡോസുകള്‍ കൂടി വൈകാതെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

യു.പിക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സ്റ്റോക്കുള്ളത് മഹാരാഷ്ട്രയിലാണ്. 7,49,960 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. ബീഹാറില്‍ 8,36,283 ഡോസ് വാക്‌സിനുള്ളത്. ഝാര്‍ഖണ്ഡില്‍ 6,46,644 ഡോസ് വാക്‌സിനും ദല്‍ഹിയില്‍ 5,62,994 ഡോസ് വാക്‌സിനും സ്‌റ്റോക്കുണ്ട്.

ഛത്തീസ്ഗഡിന്റെ കൈവശം 3,07164 സ്‌റ്റോക്കുകള്‍ മാത്രമാണ് ഉള്ളത്. രണ്ട് ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനത്തിന് ഉടന്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുജറാത്തില്‍ 4,62,988 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. മൂന്ന് ലക്ഷം വാക്‌സിന്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

തമിഴ്‌നാടിന് പിന്നാലെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്ന സംസ്ഥാനം ആസാമാണ്. 7.7 ശതമാനം ഡോസുകള്‍ ഇവിടെ പാഴാക്കിയിട്ടുണ്ട്. ബീഹാറില്‍ ഇത് 4.95 ശതമാനവും പഞ്ചാബില്‍ 4.98 ശതമാനവും ഹരിയാനയില്‍ 5.72 ശതമാനവുമാണ് വാക്‌സിന്‍ പാഴാക്കിയത്.

മെയ് 1 മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ കണക്ക് പുറത്തുവിട്ടത്. അതേസമയം മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും പല സംസ്ഥാനങ്ങളുടെ കൈവശവും വാക്‌സിന്‍ സ്റ്റോക്കില്ല. അതുകൊണ്ട് തന്നെ കേന്ദ്രം പറഞ്ഞതുപ്രകാരം വാക്‌സിന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ വാക്‌സിന്‍ ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. വാക്‌സിന്‍ ലഭ്യതക്കുറവു കാരണം മുംബൈയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP has the largest Vaccine stock, govt data says