ആ നടന്‍ ഭാവനക്കും മനോജേട്ടനുമൊപ്പം ഒരു സിനിമയില്‍ തെലുങ്ക് പറഞ്ഞ് അഭിനയിച്ചിട്ടുണ്ട്: ആസിഫ് അലി
Entertainment
ആ നടന്‍ ഭാവനക്കും മനോജേട്ടനുമൊപ്പം ഒരു സിനിമയില്‍ തെലുങ്ക് പറഞ്ഞ് അഭിനയിച്ചിട്ടുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 11:01 am

ഈയിടെ മലയാള സിനിമയില്‍ തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ സമ്മാനിക്കുന്ന നടനാണ് ആസിഫ് അലി. എന്നാല്‍ അദ്ദേഹം ഇതുവരെ മറ്റ് ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. അന്യഭാഷ സിനിമകളിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും ആസിഫ് മനപൂര്‍വം ആ സിനിമകളില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഏതെങ്കിലും ഒരു അന്യഭാഷ സിനിമ വേണ്ടെന്ന് വെച്ചതിന്റെ പേരില് സീനിയേഴ്‌സ് ആയ നടന്മാര്‍ ആരെങ്കിലും വഴക്ക് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് അലി. ആരും തന്നെ വഴക്ക് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഉപദ്ദേശമെന്നോണം പലരും സംസാരിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു.

മറ്റ് ഭാഷയില്‍ അഭിനയിച്ചിട്ടുള്ള ഒരുപാട് ആളുകള്‍ തന്നോട് പേടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ബിജു മേനോന്‍ ഭാവനക്കും മനോജ് കെ. ജയനുമൊപ്പം തെലുങ്കില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

‘ആരും വഴക്കായിട്ട് ഒന്നും പറഞ്ഞിട്ടില്ല. ഉപദ്ദേശമെന്നോണം പലരും സംസാരിച്ചിട്ടുണ്ട്. സീനിയേഴ്‌സ് മാത്രമല്ല എന്റെ പ്രായത്തിലുള്ള പലരും എന്നോട് സംസാരിച്ചിട്ടുണ്ട്. മറ്റ് ഭാഷയില്‍ അഭിനയിച്ചിട്ടുള്ള ഒരുപാട് ആക്ടേഴ്‌സ് എന്നോട് ‘നീ അങ്ങനെ പേടിക്കേണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞിട്ടുണ്ട്.

‘ഞങ്ങളൊക്കെ പോയി ചെയ്തിട്ടുണ്ട്. ആദ്യത്തെ തവണയുള്ള പേടി മാത്രമേ ഉണ്ടാവുകയുള്ളൂ’ എന്നാണ് പറഞ്ഞത്. ഒരിക്കല്‍ ബിജു ചേട്ടന്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഭാവനയും മനോജേട്ടനും (മനോജ് കെ. ജയന്‍) ബിജു ചേട്ടനും ഒരുമിച്ച് ഒരു തെലുങ്ക് പടത്തില്‍ അഭിനയിച്ചിട്ടുണ്ടത്രേ.

അതില്‍ ഒരു സീനില്‍ ഇവര്‍ മൂന്നുപേരും പരസ്പരം തെലുങ്ക് പറഞ്ഞിട്ട് അഭിനയിച്ചിട്ടുണ്ട്. ആ സീന്‍ ഒരു ദിവസം മുഴുവന്‍ സമയം എടുത്തിട്ടാണ് ഷൂട്ട് ചെയ്തത്. നമ്മുടെ മലയാളത്തിലെ നായികമാര്‍ ഒരുപാട് ആളുകള്‍ ഇപ്പോള്‍ അന്യഭാഷയില്‍ പോയി അഭിനയിക്കുന്നുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Biju Menon, Bhavana And Manoj K Jayan