മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി ആയിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
തന്റെ ഇഷ്ട സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് ജോഷി. മണിരത്‌നമാണ് തനിക്ക് ഏറ്റവും ഇഷ്ടപെട്ട സംവിധായകനെന്ന ജോഷി പറയുന്നു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമാണെന്ന് ജോഷി പറഞ്ഞു. ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന ചിത്രം മാത്രം കണ്ടാല്‍ മണിരത്‌നത്തിന്റെ കഴിവ് മനസിലാകുമെന്ന് ജോഷി കൂട്ടിച്ചേര്‍ത്തു.
മണിരത്‌നത്തിന്റെ ഓരോ സിനിമകളും ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്നും ഇന്ത്യയിലെ സകല ഡയറക്ടര്‍മാരുടെയും ലൈബ്രറികളില്‍ മണിരത്‌നത്തിന്റെ സിനിമകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ജോഷി.
‘ഇന്ത്യന്‍ സംവിധായകരില്‍ എനിക്ക് ഇഷ്ടം മണിരത്‌നത്തെയാണ്. സ്‌നേഹബന്ധത്തിന്റെ പേരിലല്ല മണിരത്‌നത്തെക്കുറിച്ച് ഞാനങ്ങനെ പറഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കാന്‍ കഴിവുള്ള ഏക സംവിധായകന്‍ മണിരത്‌നം മാത്രമേയുള്ളൂ.
‘പൊന്നിയന്‍ സെല്‍വന്‍’ മാത്രം കണ്ടാല്‍ മതി. എന്തൊരു ബ്രില്യന്റ്‌റായാണ് അദ്ദേഹം അത് നിര്‍വഹിച്ചിരിക്കുന്നത്.
മണിരത്നത്തിന്റെ ഓരോ ചിത്രത്തിലൂടെയും സഞ്ചരിച്ചാല്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഓരോ ടെക്സ്റ്റ്ബുക്കുകളാണെന്ന് ബോധ്യപ്പെടും. ഇന്ത്യയിലെ സകല ഡയറക്ടര്‍മാരുടെയും ലൈബ്രറികളില്‍ കാണും മണിരത്‌നത്തിന്റെ സിനിമകള്‍. ‘ഇരുവര്‍’ എന്ന ക്ലാസ് മൂവി തന്നെയെടുക്കുക, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിത ത്തില്‍ ഇങ്ങനെയൊരു കഥാപാത്രം വേറെയില്ല. എല്ലാവരുടെയും റോള്‍ മോഡലാണ് മണിരത്‌നം. മറ്റൊരാള്‍ക്കും അത് അവകാശപ്പെടാനാവില്ല,’ ജോഷി പറയുന്നു.