ട്രംപിന്റെ ആഗ്രഹം നടക്കില്ല; ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍
World News
ട്രംപിന്റെ ആഗ്രഹം നടക്കില്ല; ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 9:30 am

പാരിസ്: ഗ്രീന്‍ലാന്‍ഡിനെ പിടിച്ചെടുക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ കേട്ട് സമയം പാഴാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാരിസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് പ്രകടിപ്പിച്ച ആശയം നല്ലതല്ല, പക്ഷേ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നില്ല, അതിനാല്‍ ഇതിനെക്കുറിച്ച് സംസാരിച്ച്‌ കൂടുതല്‍ സമയം പാഴാക്കേണ്ടതില്ല,’ ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ലോകത്ത് വിവിധ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ ബൈഡന്‍ സര്‍ക്കാരിന്റെ ആദ്യ ദിനം തൊട്ട് തന്നെ അവയെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായും സജ്ജമായിരുന്നെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കാറുണ്ടെന്നും അല്ലാതെ അകറ്റി നിര്‍ത്തിയല്ല ബൈഡന്‍ ഭരണകൂടം പ്രവര്‍ത്തിച്ചതെന്നും ബ്ലിങ്കന്‍ പറഞ്ഞു. അവരെ അകറ്റുന്ന കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നും ബ്ലിങ്കന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കി.

അതേസമയം ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തന്റെ താത്പര്യം ട്രംപ് ചൊവ്വാഴ്ച വീണ്ടും ആവര്‍ത്തിച്ചു. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യു.എസിന് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന് ട്രംപ് പറയുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്കായി ദ്വീപ് സ്വതന്ത്ര്യമായാലും ഒരു യു.എസ് സംസ്ഥാനമാകാന്‍ സാധ്യതയില്ലെന്ന് ഡെന്മാര്‍ക്ക്‌ വിദേശകാര്യ മന്ത്രി ബുധനാഴ്ച പറഞ്ഞു.

1953 വരെ ഡച്ചുകാരുടെ കോളനിയായിരുന്ന ഗ്രീന്‍ലാന്‍ഡ് യു.എസ് വാങ്ങുന്നതിനെക്കുറിച്ചുള്ള ആഗ്രഹം 2019ലും ട്രംപ് ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ ആ ആവശ്യം നിരസിച്ചതോടെ ഡെന്‍മാര്‍ക്കിലേക്കുള്ള സന്ദര്‍ശനം ട്രംപ് മാറ്റിവെച്ചിരുന്നു.

അടുത്തിടെ ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെയും പ്രസ്താവന ഇറക്കിയിരുന്നു. തന്റെ പുതുവത്സര പ്രസംഗത്തില്‍ സ്വാതന്ത്ര്യത്തിനായുള്ള ദ്വീപിന്റെ ആവശ്യം അദ്ദേഹം ശക്തമാക്കുകയും ചെയ്തു.

Content Highlight: Trump’s wish won’t happen; Greenland cannot be a part of US says Antony Blinken