തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് നല്‍കണം; ഉത്തരവ് ഈ മാസം മുതല്‍ പ്രാബല്യത്തില്‍
Kerala News
തടവുകാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് നല്‍കണം; ഉത്തരവ് ഈ മാസം മുതല്‍ പ്രാബല്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 9:19 am

തിരുവനന്തപുരം: തടവുകാര്‍ക്ക് ജയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ഇരകള്‍ക്ക് നല്‍കണമെന്ന ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം മുതല്‍ ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദേശം നല്‍കിയതായും ജയില്‍ വകുപ്പ് അറിയിച്ചു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പല കേസുകളിലും കോടതി ഉത്തരവിറക്കാറുണ്ടെങ്കിലും പലപ്പോഴും ഉത്തരവ് നടപ്പിലായിരുന്നില്ല. പിന്നാലെ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും തടവുകാരുടെ വേതനത്തില്‍ നിന്ന് പണം പിടിച്ച് ഇരകള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെങ്കില്‍ കൂടിയും ചുരുങ്ങിയ വേതനത്തിന്റെ മൂന്നിലൊന്ന് വിഹിതം ഇരകള്‍ക്ക് നല്‍കിയാല്‍ തടവുകാരുടെ കയ്യില്‍ ഒന്നും ഉണ്ടാവില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാര്‍ക്ക് പ്രതിദിന വേതനമായി 63 മുതല്‍ 168 രൂപവരെയാണ് ലഭിക്കുന്നത്. തുറന്ന ജയിലിലെ തടവുകാര്‍ക്ക് 230 രൂപവരെയുമാണ് ലഭിക്കുക. വേതനത്തിന്റെ പകുതിയും പല തടവുകാരും വീട്ടിലേക്ക് അയച്ചുകടുക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാറാണ് പതിവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

ചില തടവുകാര്‍ക്ക് 63 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും ഇതില്‍ മൂന്നിലൊന്ന് കുറച്ചാല്‍ ബാക്കി ഒന്നും തന്നെ ഉണ്ടാവില്ലെന്ന കാരണം നിലനില്‍ക്കുന്നതിനാല്‍ ജോലി ചെയ്യുന്നതില്‍ നിന്ന് തടവുകാര്‍ വിമുഖത കാണിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

തടവുകാരെ കുറ്റവാസനകളില്‍ നിന്നും മുക്തരാക്കാനാണ് ഇത്തരത്തില്‍ ജോലി ചെയ്യിപ്പിക്കുന്നതെന്നും വേതനം നല്‍കുന്നതെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ വേതനം വെട്ടി കുറച്ചാല്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിട്ടുമാറാനുള്ള സാഹചര്യമുണ്ടാവുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ വേതനം അമ്പത് ശതമാനം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം അംഗീകരിച്ചാല്‍ വേതനം വെട്ടികുറയ്ക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്നും ജയില്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: One-third of prisoners’ wages should be paid to victims; The order is effective from this month