തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജി; ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ടു
India
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജി; ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th September 2021, 12:30 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ കൊച്ചുമകനുമായ ലളിതേഷ് പതി ത്രിപാഠി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനു വേണ്ടി ‘ചോരയും നീരും’ നല്‍കിയ പ്രവര്‍ത്തകര്‍ ബഹുമാനിക്കപ്പെടുന്നില്ലെന്നും പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ത്രിപാഠി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരുന്നില്ലെന്നും തന്റെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മരിഹാന്‍ മുന്‍ എം.എല്‍.എ കൂടിയായ ത്രിപാഠി പറഞ്ഞത്.

കോണ്‍ഗ്രസുമായി തന്റെ കുടുംബം പുലര്‍ത്തിയ നൂറിലധികം വര്‍ഷത്തെ ബന്ധത്തില്‍ നിന്നും വിട്ടുപോരുന്നത് വൈകാരികമായ ഒരു തീരുമാനമായിരുന്നെന്നും ത്രിപാഠി പറഞ്ഞു.

‘എനിക്ക് നിരവധി പ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കിയ രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ഞാന്‍ നന്ദി പറയുന്നു. ഞാന്‍ അവരോട് എന്നും കടപ്പെട്ടിരിക്കും,’ ത്രിപാഠി പറഞ്ഞു.

2012ല്‍ മരിഹാനില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ ത്രിപാഠി 2017 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ശേഷം 2014 ലും 2019 ലും മിര്‍സാപൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

അതേസമയം അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങവേ ഉണ്ടായ ഈ രാജി കോണ്‍ഗ്രസിനെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉടന്‍ തന്നെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

പൊതുവേ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ പട്ടിക പുറത്തുവിടുന്ന പതിവ് ശൈലിയില്‍ നിന്ന് മാറി ഇത്തവണ നേരത്തെ പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

150 നിയമസഭാ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പരിശോധിച്ചുവെന്നും പോളിംഗ് തന്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്‍ട്രോള്‍ റൂമുകള്‍ ഇതിനകം 78 അസംബ്ലി സെഗ്മെന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

യു.പി കോണ്‍ഗ്രസിന്റെ ചുമതല പ്രിയങ്കാ ഗാന്ധി വഹിക്കുന്നതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

2017 ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 312 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UP Congress vice-president Lalitesh Pati Tripathi quits party