ന്യൂദല്‍ഹി: മലപ്പുറം മഞ്ചേരിയിലെ സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ എന്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ശിക്ഷ സുപ്രീം കോടതി പുനസ്ഥാപിച്ചു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി പുനസ്ഥാപിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷ നേരത്തെ ഹൈക്കോടതി ഇളവ് ചെയ്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ വിധി.
എന്‍.ഡി.എഫ് പ്രവര്‍ത്തകരായിരുന്ന അബ്ദുല്‍ സലീം, അബ്ദുല്‍ മുനീര്‍, ജാഫര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം കഠിന തടവും കല്ലന്‍ ജുബൈറിന് അഞ്ച് വര്‍ഷം കഠിന തടവുമാണ് നേരത്തെ വിചാരണ കോടതി വിധിച്ചത്. എന്നാല്‍ ഈ ശിക്ഷാവിധി ഹൈക്കോടതി കേവലം ഒരു മാസം മാത്രമാക്കി ഇളവ് നല്‍കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടുള്ള അപ്പീലിലാണ് ഇപ്പോള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീം കോടതി പുനസ്ഥാപിച്ചത്.
ശിക്ഷ ഒരു മാസം മാത്രമാക്കി കുറച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. ഹീന കൃത്യം ചെയ്ത പ്രതികള്‍ക്ക് ജീവപര്യന്തമാണ് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ വിചാരണ കോടതിയുടെ ശിക്ഷ പുനസ്ഥാപിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തെ ഹൈക്കോടതി വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും പ്രതികളുടെ ശിക്ഷ കുറച്ചു നല്‍കിയ ഹൈക്കോടതിയുടെ നടപടിയില്‍ അപാകതയുണ്ടായതായും സുപ്രീം കോടതി നിരീക്ഷിച്ചു.
കൊലപ്പെടുത്താല്‍ ഉദ്ദേശിച്ചായിരുന്നില്ല ഷംസുവിന് നേരെയുണ്ടായിരുന്ന ആക്രമണം എന്ന വാദം അംഗീകരിച്ചുകൊണ്ടാണ് നേരത്തെ ഹൈക്കോടതി പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കിയത്. എന്നാല്‍ ഷംസുവിന് ഏല്‍ക്കേണ്ടി വന്ന 56 വെട്ടുകളില്‍ എട്ടെണ്ണം ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നത് തരത്തിലുള്ളതായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും ഷംസുവിന്റെ പങ്കാളി മീരയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ആര്‍ ബസന്ത്, നീഷേ രാജന്‍ ഷൊങ്കര്‍ ഷംസുവിന്റെ പങ്കാളി മീരക്ക് വേണ്ടി അഡ്വ. പി.വി. ദിനേഷ് എന്നിവരാണ് ഹാജരായത്. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ ബെഞ്ചാണ് ശിക്ഷ പുനസ്ഥാപിച്ചത്.
ഷംസു പുന്നക്കല്‍
പോപ്പുലന്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ എന്‍.ഡി.എഫിന്റെ സംസ്ഥാനത്തെ ആദ്യത്തെ ആസൂത്രിത കലാപശ്രമങ്ങളിലൊന്നായിരുന്നു 2001 ജനുവരി 16ന് സി.ഐ.ടി.യു പ്രവര്‍ത്തന്‍ ഷംസു പുന്നക്കലിനെതിരയുണ്ടായത്. മഞ്ചേരി പാണ്ടിക്കാട് റോഡിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് സമീപം നില്‍ക്കവെ ഓട്ടോയിലെത്തിയ പ്രതികള്‍ ഷംസുവിനെ തുരുതുരാ വെട്ടുകയായിരുന്നു. ശരീരത്തിലാകെ 56 വെട്ടുകളേറ്റ ഷംസുവിന്റെ വലത് കൈയും വലത് കാലും അറ്റുവീഴാറായ അവസ്ഥയിലായിരുന്നു.
2020 നവംബറിലാണ് ഷംസു പുന്നക്കല്‍ സി.ഐ.ടി.യു നേതാവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായിരിക്കെ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.
content highlights: After 24 years in the CITU leader Shamsu Punnakkal assassination attempt case, the Supreme Court reinstated the conviction of the NDF.